കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നത് വിഷം കലര്‍ന്ന മീനുകളാണെന്നത് കൂടുതല്‍ വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം വിഷം കലര്‍ത്തിയ മീന്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇപ്പോള്‍ സംസ്ഥാനത്തേക്ക് എത്തിയ ഫോര്‍മാലിന്‍ കലര്‍ത്തിയ ചെമ്മീനും ഭക്ഷ്യസുരക്ഷാ വകുപ്പ് ചെക്ക്പോസ്റ്റില്‍ പിടിച്ചെടുത്തിരിക്കുകയാണ്.
വാളയാര്‍ ചെക്പോസ്റ്റില്‍ വെച്ചാണ് ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലേക്ക് എത്തിയ 4000 കിലോ ചെമ്മീന്‍ പിടിച്ചെടുത്തത്. ശരീരത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു കലര്‍ത്തിയ മീനാണ് പിടിച്ചെടുത്തത്.
അടുത്തിടെ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോഗ്രാം മീനാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തത്. ഇതിന് സഹായകമായത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധന കിറ്റായിരുന്നു.
ടെസ്റ്റ് ഇങ്ങനെയാണ്. കിറ്റിനൊപ്പം ഒരു പേപ്പര്‍ സ്ട്രിപ്പ് ഉണ്ടാകും. ആ സ്ട്രിപ്പ് എടുക്കുക. മീനിന്റെ പുറത്ത് ഒന്ന് ഉരതുക. അതിന് ശേഷം കിറ്റിനോടൊപ്പം കിട്ടുന്ന സൊലൂഷന് പേപ്പറിലേക്ക് ഒഴിക്കണം. പേപ്പര്‍ സ്ട്രിപ്പിന്റെ നിറം നീലയായാല്‍ പിന്നെയൊന്നും നോക്കേണ്ട. മീനില്‍ വിഷമുണ്ട്. ഇത്തരത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മീന്‍ ചെക്പോസ്റ്റില്‍ വെച്ച് പരിശോധിക്കുന്നത്.


