കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. തൃശൂർ ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആറ് പഞ്ചായത്തുകളിൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്ൻമെന്റ് സോണുകൾ ആക്കിയത്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിർവചനത്തിൽ വരുന്നയിടങ്ങളിലും അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. അവശ്യ സാധനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ തുറക്കാൻ അനുമതിയുള്ളത്.
ജില്ലയിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങളിലും രോഗികളുടെ നിരക്കിലും വർദ്ധനവ് ഉണ്ടായതും ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ രോഗം സ്ഥിരീകരിച്ച സാഹചര്യവും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.


