രാജ്യത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. കൊവിഡ് ക്രമാതീതമായി ഉയരുന്ന സാഹചര്യമായതിനാല്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ച കൂടി നീട്ടിനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നാണ് സൂചന. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമതി തീരുമാനിച്ചത്. നാലാംഘട്ട ലോക്ക് ഡൗണില്‍ നല്കിയ ഇളവുകളെക്കാള്‍ കൂടുതല്‍ ഇളവ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സൂചന. പതിവുപോലെ സംസ്ഥാനങ്ങള്‍ക്ക് ഇളവുകളില്‍ തീരുമാനമെടുക്കാം.
പൊതുഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗരേഖയിലുണ്ടായേക്കും. മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുന്നത്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കുക.


