ന്യൂഡല്‍ഹി: ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം നടത്തി ഷഹീന് ബാഗിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഇടയില്‍ നുഴഞ്ഞുകയറിയ ബിജെപി പ്രവര്‍ത്തകയെ പിടികൂടി. റെറ്റ് നരേറ്റീവ് എന്നൊരു യൂട്യൂബ് ചാനല്‍ നടത്തുന്ന ബിജെപി അനുകൂലിയായ ഗുഞ്ച കപൂറിനെയാണ് പ്രതിഷേധക്കാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.
സിഎഎ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവതിയെ പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞതും പിടികൂടിയതും. ബുര്‍ഖ ധരിച്ചെത്തിയ ഗുഞ്ച കപൂര്‍ പ്രതിഷേധക്കാരോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇവരില്‍ നിന്നും ക്യാമറയും കണ്ടെത്തി. ഇതോടെ പോലീസ് എത്തി ഗുഞ്ചയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.