ന്യൂഡല്‍ഹി: ഈ ദശകത്തില്‍ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷി, അടിസ്ഥാന സൗകര്യം, ടെക്സ്റ്റൈല്‍സ്, സാങ്കേതികവിദ്യ തുടങ്ങി പ്രധാനപ്പെട്ട നാല് മേഖലകളില്‍ തൊഴില്‍ അവസരം വര്‍ധിക്കും. ഈ മേഖകള്‍ക്ക് വളരെ അധികം പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച പരിഷ്കാരങ്ങള്‍ എല്ലാ പൗരന്മാരെയും സാമ്ബത്തികമായി ശക്തരാക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റ് സംയോജിത സമീപനമാണ് സ്വീകരിച്ചത്. ഈ സമീപനം പരമ്ബരാഗത കാര്‍ഷിക രീതികളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം എന്നിവയില്‍ മൂല്യവര്‍ധനവിന് സഹായകമാകും. ഇത് തൊഴില്‍ വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


