ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരത്തിന്. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) അറിയിച്ചു. അത്യാഹിതവിഭാഗം ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല.ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ നിയമനിര്‍മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സമീപിക്കുമെന്നും ഐഎംഎ അറിയിച്ചു.
പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനെ കണ്ടു. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിനുപകരം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും അന്ത്യശാസനം നല്‍കുകയുമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്യുന്നതെന്ന് ഹര്ഷ്വര്ധന് കുറ്റപ്പെടുത്തി. ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച സൂചനാ പണിമുടക്കു നടത്തി. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചണ്ഡീഗഢ്, ജയ്പുര്‍, ലഖ്നൗ, ഗോവ, കര്‍ണാടക, ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പണിമുടക്കി.
കോല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു രോഗിയുടെ ബന്ധുകള്‍ പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചിരുന്നു. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുകളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. ഇതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്.

