ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തന്റെ കരണത്തേറ്റ പ്രഹരമാണെന്ന് നടൻ പ്രകാശ് രാജ്. ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രകാശ് രാജ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഈ പരാജയത്തിൽ കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
‘തിരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് തോന്നുന്നത്. കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്റെ നിലപാടില്‍ത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്ക്കും നന്ദി. ജയ് ഹിന്ദ്.’–പ്രകാശ് രാജ് കുറിച്ചു.
ബിജെപിയുടെ പി.എസ്. മോഹനും കോണ്‍ഗ്രസിന്റെ റിസ്വാന് അഷ്റഫുമായിരുന്നു ഇവിടെ എതിരാളികള്‍. 12,000 വോട്ടുകള്‍ മാത്രമാണ് നിലവില്‍ പ്രകാശ് രാജിന് നേടാനായത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോഹന്‍ ആണ് ലീഡ് ചെയ്യുന്നത്. കര്‍ണാടകയിലെ 28 സീറ്റില്‍ 24 സീറ്റുകളിലും ബിജെപിയാണ് മുന്നിൽ.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ത്തന്നെ പ്രകാശ് രാജിന് ലീഡ് കുറവായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ ലീഡ് നില ഉയരാതെ തുടര്‍ന്നതില്‍ കുപിതനായ അദ്ദേഹം പോളിങ് കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

