കായംകുളം: ദമ്പതികള്‍ തമ്മിലുള്ള പൊരുത്തക്കേടും ബാധ ഉപദ്രവവും മാറ്റിത്തരാമെന്ന് പറഞ്ഞ് നാലര പവന് സ്വര്‍ണാഭരണങ്ങള്‍ കബളിപ്പിച്ച പൂജാരിയെ അറസ്റ്റു ചെയ്തു. പുതുപ്പള്ളി സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് നാലര പവന്റെ സ്വര്‍ണാഭരങ്ങളാണ് തട്ടിയെടുത്തത്. ഗോവിന്ദമുട്ടം പത്തിശേരി ക്ഷേത്രത്തിലെ പൂജാരിയായ മാവേലിക്കര പൊന്നാരംതോട്ടം വിജയഭവനില്‍ അരുണ്‍രാജി(26)നെയാണ് കായംകുളം സി.ഐ: പി.കെ.സാബു, എസ്.ഐ: സി.എസ്.ഷാരോണ്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

യുവതിയും ഭര്‍ത്താവും തമ്മിലുള്ള പൊരുത്തക്കേടും കുഞ്ഞിന്റെ രാത്രി ഞെട്ടിയുണര്‍ന്നുള്ള കരച്ചിലും ബാധയുടെ ഉപദ്രവമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇത് ഒഴിപ്പിക്കുന്നതിനായി ഓരോരുത്തരും സ്ഥിരമായി ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വേണമെന്ന് പറയുകയും അത് മലയാലപ്പുഴ അമ്പലത്തില്‍ വച്ച് പൂജ ചെയ്ത് ദോഷങ്ങള്‍ മാറ്റിത്തരാമെന്നും പറഞ്ഞാണ് യുവതിയുടെ പക്കല്‍ നിന്നും ഇവരുടെ കുഞ്ഞിന്റെ ഒന്നര പവന്റെ അരഞ്ഞാണവും ഭര്‍ത്താവിന്റെ കൈചെയിനും മോതിരവും മാലയും ഉള്‍പ്പെടെ നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. തട്ടിപ്പ് മനസിലാക്കിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തില്‍ കരുനാഗപ്പള്ളി പതാരത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

