കോഴിക്കോട്: സംസ്ഥാനത്ത് താപതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കഠിനമായ ചൂടിന് സാധ്യതയുള്ളതിനാല്‍, ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി.

ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് താപതരംഗം ഉണ്ടാകാന്‍ സാധ്യതയുള്ളത്. താപനില 37 ഡിഗ്രിസെല്ഷ്യസോ അതിന് മുകളിലേക്കോ ഉയരുക, ശരാശരി താപനിലയെക്കാള്‍ 4.5 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് കൂടുക എന്നിവയെ അടിസ്ഥാനമാക്കിയാണ് താപതരംഗത്തിനുള്ള മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. തീരദേശ ജില്ലയായ കോഴിക്കോട് കഴിഞ്ഞ ഏതാനും ദിവസമായി ചൂട് 36.5 മുതല്‍ 37 ഡിഗ്രിവരെയാണ് അനുഭവപ്പെടുന്നത്. താപതരംഗ സാധ്യത മുന്നില്‍ക്കണ്ട് കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
സ്കൂളുകളില്‍ അസംബ്ലി ഉള്‍പ്പെടെ പുറത്തുള്ള പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി. പകല്‍ പതിനൊന്നിനും മൂന്നിനുമിടയില്‍ നിര്‍മാണത്തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിച്ചു. തൃശ്ശൂര്‍, പാലക്കാട്, മല്ലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കഠിനമായ ചൂട് അനുഭവപ്പെടാം. വടക്കന്‍ കേരളത്തില്‍ പൊതുവെ ജലക്ഷാമവും രൂക്ഷമാണ്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സൂര്യാഘാതവും നിര്‍ജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

