കൊച്ചി: റോഡ് സുരക്ഷ ബോധവൽകരണത്തോട് അനുബന്ധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ ജീവ-സുയാത്ര മിഷൻ ക്യാംപെയ്ന് തുടക്കം. നടൻ മമ്മൂട്ടിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. റോഡ് അപകടങ്ങൾ കുറയ്ക്കാൻ കർക്കശ്യമായ നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
റോഡപകടങ്ങൾ കുറക്കുക. യാത്രക്കാർക്കിടയിലും ഡ്രൈവർമാർക്കിടയിലും ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുക. ഈ ലക്ഷ്യത്തിലാണ് മോട്ടോർ വാഹനവകുപ്പ് ജീവ-സുയാത്ര മിഷന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ജീവ സുയാത്ര മിഷന്റെ ടീസർ മമ്മൂട്ടിയും ഗതാഗത മന്ത്രി സിപി ജോണും ചേർന്ന് റിലീസ് ചെയ്തു. വാഹനം ഓടിക്കുന്നവരും, റോഡിൽ നടക്കുന്നവരും ഒരുപോലെ ജാഗ്രത പുലർത്തണം. മത്സരയോട്ടം പാടില്ലെന്ന് മമ്മൂട്ടി.
പ്രതിവർഷം കേരളത്തിൽ 4000 പേർക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമാകുന്നത്. ഇത് പകുതിയായി കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിലെ ബോധവത്കരണം, റോഡിലെ പരിശോധനകൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രിറോജി എം ജോൺ, ഗതാഗതം ട്രാൻസ്പോർട്ട് കമ്മീഷണർ സ്പർജൻ കുമാർ, ഹൈബി ഈഡൻ എംപി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

