മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ വീണ്ടും ട്വിസ്റ്റ്. കടത്തുസ്വർണം കൈവശപ്പെടുത്താൻ അറസ്റ്റിലായ തലശ്ശേരി സ്വദേശിനി പ്രിയങ്ക (34) നടത്തിയത് വൻ ഗൂഢാലോചനയെന്ന് പൊലീസ്. സ്വർണം പൊട്ടിക്കലടക്കം ആസൂത്രണം ചെയ്തത് പ്രിയങ്കതന്നെയെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തെ മറയാക്കി അറസ്റ്റിലായ പ്രതികൾക്ക് ഒപ്പം സ്വർണം കവർച്ച നടത്താനായിരുന്നു ലക്ഷ്യം.
ദുബൈയിൽ നിന്ന് സ്വർണം കടത്തിയ പ്രിയങ്കയുടെ നീക്കം ഭർത്താവിനെയും മക്കളേയും മറയാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് കണ്ണടയ്ക്കുന്നെന്ന ആക്ഷേപം ശക്തമാണ്. യുവതിയുടെ ഭർത്താവ് നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. ദുബായിൽ വെച്ചായിരുന്നു കവർച്ചയുടെ ഗൂഢാലോചന നടന്നത്. ദുബായയിൽ വെച്ച് സ്വഫ്വാൻ എന്നായാളാണ് സ്വർണം നൽകിയതന്നാണ് യുവതിയുടെ മൊഴി. അറസ്റ്റിലായ കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. ശ്രീലാലിന് എതിരെ നെടുമ്പാശ്ശേരിയിലും കവർച്ചാ കേസുണ്ടെന്ന് കണ്ടെത്തി. ശ്രീലാൽ പൊട്ടിക്കൽ സംഘത്തിലെ സജീവ ആംഗമെന്ന് വിലയിരുത്തൽ.
ഇന്നലെ രാവിലെ 11.30ഓടെയാണ് ദുബായിൽ നിന്ന് സ്വർണവുമായി തലശ്ശേരി സ്വദേശിനി പ്രിയങ്ക കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. പ്രിയങ്ക സ്വർണ്ണം കൈമാറേണ്ടത് മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറിന്. ജാബിർ കാത്തുനിൽക്കുന്നു എന്നറിഞ്ഞ പ്രിയങ്ക സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു കാറിൽ കടന്നു കളയുകയായിരുന്നു. ജാബിർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇവരെ പിന്തുടർന്നത്. 12 കിലോമീറ്ററുകളോളം പിന്തുടർന്ന് പുളിക്കലിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

