ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. തീരുമാനം സുപ്രിംകോടതി ജെപിസിയെ അറിയിച്ചു. ഭാവിയിൽ സുപ്രിംകോടതിയിൽ ഹർജി വരാനുള്ള സാധ്യതയുള്ളതിനാൽ കൂടിക്കാഴ്ച ഉചിതമല്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തിരുന്നു. തീരുമാനം ജെപിസിയെ രേഖാമൂലം അറിയിച്ച് സുപ്രീം കോടതി സെക്രട്ടറി ജനറൽ. ഇതോടെ ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമായി ജെപിസി ഒക്ടോബർ 6-ന് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.
സുപ്രീം കോടതി ജഡ്ജിമാരെ കാണാനുള്ള കമ്മിറ്റിയുടെ നീക്കത്തെ, അധികാര വിഭജനത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിമർശിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു യോഗം ഇതുവരെ നടന്നിട്ടില്ലെന്ന് സിബൽ പറഞ്ഞു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് വഴിയൊരുക്കുന്ന ‘ഭരണഘടന ബിൽ, 2024’, ‘കേന്ദ്രഭരണപ്രദേശ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024’ എന്നിവ സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ചുവരികയാണ്.
ബിജെപി എംപി പി.പി. ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതി, രണ്ട് ബില്ലുകളെക്കുറിച്ചുള്ള പരിശോധനയുടെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, ഭരണഘടനാ വിദഗ്ധർ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണ്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ വശങ്ങളെക്കുറിച്ച് ഇന്ത്യയിലെ മുൻ ചീഫ് ജസ്റ്റിസുമാർ, മുൻ സുപ്രീം കോടതി ജഡ്ജിമാർ, മറ്റ് നിയമവിദഗ്ധർ എന്നിവരുമായും കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

