കഠ്മണ്ഡു ∙ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവനും സ്വത്തും നഷ്ടപ്പെട്ട് ജനങ്ങൾ പിടയുമ്പോഴും നേപ്പാളിൽ കവർച്ചാ സംഘങ്ങൾ സജീവം. പ്രളയജലത്തിൽ ഒലിച്ചുവന്ന ബാങ്ക് ലോക്കർ തകർത്ത് പണം കവർന്ന 29 പേരെയും, വെള്ളത്തിൽ പൊങ്ങിത്തെളിഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ അതിക്രമങ്ങൾ പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. ധാഡിങ് ഗാൽച്ചിയിലെ ത്രിശൂലി നദിയിലൂടെ ഒലിച്ചെത്തിയ ബാങ്ക് ലോക്കർ കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിക്കുന്നതിനിടെയാണ് 29 പേർ പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 92.68 ലക്ഷത്തിലധികം നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ) പൊലീസ് പിടിച്ചെടുത്തു. ഗാൽച്ചി, സിദ്ധാലെക്ക് പ്രദേശങ്ങളിൽ നിന്നുള്ള 19-നും 49-നും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. പണത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന് സ്ഥിരീകരിക്കാനും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ നാരായണി നദിക്കരയിൽ അടിഞ്ഞ മൃതദേഹത്തിൽ നിന്ന് കമ്മൽ ഊരിയെടുത്ത രണ്ടുപേരെയും പൊലീസ് പിടികൂടി. ഇവർ മൃതദേഹത്തിൽ നിന്ന് ആഭരണം മോഷ്ചിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്. ബുധനാഴ്ചയുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ നേപ്പാളിൽ ഇതുവരെ 626 പേർ മരണപ്പെടുകയും 2426 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ 300 ഓളം ഇന്ത്യക്കാരും ഉൾപ്പെടുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ സൈന്യവും രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുന്നതിനിടയിലാണ് നാട്ടുകാരെ ഞെട്ടിച്ച മോഷണവിവരങ്ങൾ പുറത്തുവരുന്നത്.

