നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ കൗതുകവും ചർച്ചയും അവസാനിക്കാത്ത പേരാണ് സുകുമാരക്കുറുപ്പ്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ സോഷ്യൽ മീഡിയയിലും ‘കുറുപ്പ്’ തരംഗം. ഇൻസ്റ്റഗ്രാമിൽ സുകുമാരക്കുറുപ്പിന്റെ പേരിൽ നിരവധി അക്കൗണ്ടുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുറുപ്പ് ബ്രൂണെയിൽ മറ്റൊരു പേരിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. എന്നാൽ ഈ അവകാശവാദം കേരള പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്റർപോൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, മറ്റൊരു അന്വേഷണസംഘം കുറുപ്പ് വർഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാമെന്ന നിഗമനത്തിലേക്കും എത്തിയിരുന്നു. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാൻ ആലോചിക്കുന്നതിനിടെയാണ് വിദേശത്ത് ജീവനോടെയുണ്ടെന്ന പുതിയ അവകാശവാദം വീണ്ടും രംഗത്തെത്തിയത്.
പുതിയ വാർത്ത പുറത്തുവന്നതോടെ സുകുമാരക്കുറുപ്പിന്റെ പേരിലും ചിത്രങ്ങളിലുമായി നിരവധി ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ശ്രദ്ധ നേടുകയാണ്. ചില അക്കൗണ്ടുകളിൽ പഴയ ചിത്രങ്ങൾക്കൊപ്പം പുതിയതായി തോന്നിക്കുന്ന ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്.

