തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി എഡി തോമസ് എംഎൽഎ, അജയ് ജുവൽ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജി എന്നിവർ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഓഫീസിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും എഡി തോമസ് എംഎൽഎ പറഞ്ഞു.
ലാത്തി സറണ്ടർ ചെയ്തുവെന്ന് പ്രതിഭാഗം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആയുധം എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രതികൾ മറുപടി നൽകിയിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.


