കൊച്ചി: മലയാളത്തിലെ പ്രമുഖ നടിക്ക് മതം മാറുന്നതിനായി 100 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചുവെന്ന് സിനിമാ സംവിധായകൻ വിജി തമ്പി. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചത് ഇതിന്റെ തുടക്കമായിരുന്നെന്നും, അന്ന് 20 കോടി രൂപ മുടക്കിയാണ് അവരെ മതം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഈ വലിയ വെളിപ്പെടുത്തലുകൾ വിജി തമ്പി നടത്തിയത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
അടുത്തിടെ ഒരു നടിക്ക് മതം മാറുന്നതിനായി 100 കോടി രൂപയുടെ ഓഫർ വന്നുവെന്നും ഇത് തികച്ചും സത്യസന്ധമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ‘കൃത്യമായ പേരും ഇടപാടുകളും മനസിലാക്കി തന്നെയാണ് പറയുന്നത്. ആ വ്യക്തിയെ എനിക്കറിയാം, അവർക്കും എന്നെ അറിയാം. അതിനാൽ പേര് പുറത്തുപറയുന്നില്ല,’ വിജി തമ്പി വിശദീകരിച്ചു.
മാധവിക്കുട്ടിയെ കമല സുരയ്യ ആക്കിയത് കേരളത്തിലെ ലൗ ജിഹാദിന്റെ തുടക്കമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെട്ടതെന്നും പറഞ്ഞു. ‘ഏകദേശം 20 കോടി രൂപയോളം അക്കാലത്ത് മുടക്കിയാണ് മാധവിക്കുട്ടിയെ മാറ്റിയെടുത്തത്. അവരെപ്പോലെ ലോകമറിയപ്പെടുന്ന ഒരു സാഹിത്യകാരിയെ ഒരു ‘ഐക്കൺ’ ആക്കി മാറ്റാനാണ് ശ്രമിച്ചത്. മറ്റുള്ളവരെ ഇതിലേക്ക് ആകർഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ജീവിതത്തിൽ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു അതെന്ന് മരണത്തിന് മുൻപ് മാധവിക്കുട്ടി പത്രപ്രവർത്തകയായ ലീലാ മേനോനോട് പറഞ്ഞിരുന്നു. അവർ ആ തീരുമാനത്തിൽ പിന്നീട് പശ്ചാത്തപിച്ചു,’ വിജി തമ്പി കൂട്ടിച്ചേർത്തു.


