കോഴിക്കോട്: വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ നിർണയക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. വ്യാജ കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണെന്ന് പൊലീസ് കണ്ടെത്തി. വടകര തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സിപിഎം അനുകൂല കോർ ഗ്രൂപ്പാണിത് എന്നാണ് നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിലെ മൂന്ന് അഡ്മിൻമാരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. നേരത്തെ റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്നായിരുന്നു മുൻ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ നിലവിലെ പ്രത്യേക അന്വേഷണ സംഘം റിബേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ്, ഇവർക്കെല്ലാം വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് വ്യക്തമായത്. ഈ ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത ജിതിൻ ഭാസ്കറിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.


