കൊച്ചി: കേരളത്തിൽ മലയാളികളെ ലക്ഷ്യമിട്ട് കംബോഡിയൻ സൈബർ മാഫിയ പിടിമുറുക്കുന്നതായി കൊച്ചി സിറ്റി സൈബർ പൊലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. ചൈനീസ് പൗരന്മാരുടെ പൂർണ നിയന്ത്രണത്തിൽ കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനിയും റിക്രൂട്ടിങ് ഏജന്റുമായ പാലക്കാട് തൂത സ്വദേശി അബ്ദുറഹ്മാനെ കൊച്ചി സൈബർ പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെയാണ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ വൻതോതിൽ ഈ മാഫിയ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ അബ്ദുറഹ്മാൻ മുഖ്യ പങ്കുവഹിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൊച്ചിയിലെ ഒരു ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസ് അന്വേഷണമാണ് ഒടുവിൽ പാലക്കാട് സ്വദേശി അബ്ദുറഹ്മാനിലേക്ക് എത്തിയത്. ഇയാളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കംബോഡിയൻ തട്ടിപ്പ് കേന്ദ്രങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ചിത്രം ലഭിച്ചത്. 2022 മുതൽ കംബോഡിയയിൽ തട്ടിപ്പ് സംഘത്തോടൊപ്പം ജോലി ചെയ്യുന്നയാളാണ് അബ്ദുറഹ്മാൻ. തുടക്കത്തിൽ സാധാരണ തട്ടിപ്പ് മെസേജുകൾ അയക്കലും ഫോൺ കോളുകൾ ചെയ്യലുമായിരുന്നു ഇയാളുടെ ജോലി. എന്നാൽ, തട്ടിപ്പിലെ മികവ് കണ്ട് ചൈനീസ് മാഫിയ സംഘം ഇയാളെ ‘ടീം ലീഡർ’ പദവിയിലേക്ക് ഉയർത്തുകയും പിന്നീട് ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് ചുമതല ഏൽപ്പിക്കുകയുമായിരുന്നു.
തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് സന്ദർശക വിസ നൽകിയാണ് മലയാളികൾ അടക്കമുള്ള ഉദ്യോഗാർഥികളെ ഈ സംഘം ആദ്യം ആകർഷിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് വിസ തയ്യാറാക്കുന്നത്. ഈ രാജ്യങ്ങളിൽ എത്തിച്ച ശേഷം ഇവരെ റോഡ് മാർഗം അതിർത്തി കടത്തി കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെ വെച്ച് കഠിനമായ സൈബർ തട്ടിപ്പ് പരിശീലനം നൽകിയ ശേഷമാണ് ഇവരെക്കൊണ്ട് ഫോൺ കോളുകളും വ്യാജ ചാറ്റുകളും ചെയ്യിക്കുന്നത്. ചൈനീസ് പൗരന്മാരാണ് ഈ ക്യാമ്പുകളുടെയും തട്ടിപ്പ് ശൃംഖലയുടെയും യഥാർഥ സൂത്രധാരന്മാർ.


