മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ മദ്യപന്റെ ആക്രമണമെന്ന് പരാതി. പൊന്നാനി സ്വദേശി സിദ്ധീഖ് ആണ് ആശുപത്രിയിലേക്ക് അതിക്രമിച്ചുകയറുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തത്.
മുൻപും പലതവണ ഇയാൾ ആശുപത്രിയിൽ അതിക്രമിച്ചുകയറുകയും ഡോക്ടർമാർക്ക് നേരെ കത്തിവീശുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ നൽകിയ പരാതിയിൽ പൊന്നാനി പൊലീസ് ഇയാളെ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തിരിച്ചെത്തിയ ഇയാൾ വീണ്ടും ആശുപത്രിയിലെത്തി ഭീഷണി തുടരുകയാണെന്നാണ് ജീവനക്കാർ വീണ്ടും പരാതിപ്പെടുന്നത്. ജോലി ചെയ്യുന്നതിനിടെ സമാധാനാന്തരീക്ഷം തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്യുന്ന ഇയാൾ തിരിച്ചെത്തിയതോടെ വീണ്ടും ദുരിതത്തിലായിരിക്കുകയാണ് ആശുപത്രി ജീവനക്കാർ.


