ന്യൂഡൽഹി: നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നല്കിയ പരാതിയിലാണ് നടപടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തിരുന്നു. അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവർ പ്രതികൾ. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസ്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ‘തെരുവ് പട്ടി’ എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.


