കൊച്ചി: ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറു വരി പാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്ഥാന സർക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എൽഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ലാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎം തീരുമാനം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമമെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും സിപിഎം വിമര്‍ശിക്കുന്നു.
അതേസമയം, പരിപാടിയിൽ എംബി രാജേഷും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇന്നലെയാണ് അറിയിപ്പ് കിട്ടിയതെന്നും മണ്ഡലത്തിൽ വെറെ പരിപാടികള്‍ ഉണ്ടെന്നും എംബി രാജേഷ് പ്രതികരിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും പങ്കെടുക്കില്ല. അസൗകര്യം ഉണ്ടെന്ന് അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരടക്കം പങ്കെടുക്കാതെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിക്കുകയാണ്.. പ്രധാനമന്ത്രി കൊച്ചിയിൽ എത്താനിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ആരും പങ്കെടുക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തുന്നത്


