ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൃതംഗ വിഷന്റെ നേതൃത്വത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിയിൽ ഡാൻസ് ടീച്ചർമാരെ ആകർഷിക്കാൻ സ്വർണനാണയം വാഗ്താനം ചെയ്ത സംഘാടകർ. നൂറു കുട്ടികളെ രജിസ്റ്റർ ചെയ്യിച്ച ഡാൻസ് ടീച്ചർമാർക്കാണ് സ്വർണ്ണ നാണയം സമ്മാനമായി നൽകുക. ഇത് വിശ്വസിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡാൻസ് ടീച്ചർമാരാണ് കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. ഇതിനായി ഓരോ കുട്ടികളിൽ നിന്ന് 7000 മുതൽ 8000 രൂപ വരെ കുട്ടികളിൽ നിന്നും വാങ്ങുകയും വാട്സ്ആപ്പ് ഗ്രൂപ്പിൽ പണം നൽകിയവരുടെയും നൽകാത്ത കുട്ടികളുടെയും പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ബാക്കി പണം നിർബന്ധമായി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശങ്ങളും ലഭിച്ചു.
1600 രൂയാണ് രണ്ടാം ഗഡുവായി കുട്ടികളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇത് നവംബർ രണ്ടാം തീയതിക്കുള്ളിൽ നിർബന്ധമായും അടയ്ക്കണമെന്നും ഈ പണം തന്നാൽ മാത്രമേ പരിപാടിക്കുള്ള കോസ്റ്റ്യൂം ലഭിക്കുകയുളൂവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
അതേസമയം, വിവാദങ്ങൾ ഒരിടത്ത് ചൂട് പിടിക്കുന്നതിനിടെ കല്യാൺ സിൽക്സ് ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ 12,500 സാരികള്‍ നിര്‍മിച്ച് നല്‍കിയെന്നും ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയതെന്നും കല്യാണ്‍ സില്‍ക്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘാടകര്‍ സാരി ഒന്നിന് 1,600 രൂപ വീതം ഈടാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്നും കല്യാണ്‍ സില്‍ക്സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടു.

