ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്.മരുന്ന് നിർമാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനുള്ള സാധ്യത ഊന്നിപ്പറയുന്ന പ്രമേയത്തിൽ കഞ്ചാവ് കൃഷി, സംസ്ഥാനത്തിന് നല്ലൊരു സാമ്പത്തിക സ്രോതസായി ഉപയോഗിക്കാനാവുമെന്നും വിശദീകരിക്കുന്നുണ്ട്.
‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതൽ അധ്വാനം ആവശ്യമില്ല, അതിനാൽ നമുക്ക് അത് ഔഷധത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇന്ന് സഭ ഐകകണ്ഠ്യേന ഈ പ്രമേയം അംഗീകരിച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളും സന്ദർശിച്ച സമിതി അംഗങ്ങൾ ജനങ്ങളുമായി സംസാരിച്ചാണ് കഞ്ചാവ് കൃഷി എങ്ങനെ ലാഭകരമായി മരുന്ന് നിർമാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി നടത്താമെന്ന് പരിശോധിച്ചത്. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മദ്ധ്യപ്രദേശിലും പരീക്ഷിച്ച് വിജയിച്ച മാതൃകകളും പരിശോധിച്ചു. ജനാഭിപ്രായം കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിന് അനുകൂലമായിരുന്നുവെന്നാണ് സമിതി റിപ്പോർട്ട്.


