ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലഭിക്കുന്ന ഏകീകൃത പെൻഷൻ സ്കീം (യുപിഎസ്) എന്നിവയാണ് ശനിയാഴ്ച കേന്ദ്രം പ്രഖ്യാപിച്ചത്. 2025 ഏപ്രിൽ ഒന്നിന് പുതിയ പെൻഷൻ സംവിധാനം നിലവിൽ വരും.
കുറഞ്ഞത് 25 വർഷത്തെ സേവനമുള്ള ജീവനക്കാർക്ക് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% ഉറപ്പുനൽകുന്നു.എന്നാൽ ഇത് സർവീസ് കുറവുള്ളവർക്ക് പെൻഷൻ ആനുപാതികമായിരിക്കും. ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പുള്ള പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനും പദ്ധതി ഉറപ്പാക്കുന്നു.
കുറഞ്ഞത് 10 വർഷത്തെ സേവനത്തിന് ശേഷം വാർദ്ധക്യ പെൻഷനായി പ്രതിമാസം 10,000 രൂപ മിനിമം പെൻഷൻ പദ്ധതി ഉറപ്പുനൽകുന്നു.
23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് യുപിഎസ് പ്രയോജനപ്പെടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.


