കോഴിക്കോട്-കണ്ണൂർ റൂട്ടിലെ മിന്നൽ പണിമുടക്കിനോട് വിയോജിപ്പുമായി ബസ് ഓണേഴ്സ് അസോസിയേഷൻ. ചെറിയ കുറ്റത്തിന് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന രീതി നിർത്തണമെന്നും, ഈ ആവശ്യത്തിൽ തൊഴിലാളികൾക്ക് ഒപ്പമാണെന്നും സംഘടന വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെയാണ് സമരം തുടങ്ങിയത്. ഇതിനോട് യോജിക്കാനാകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞു.
കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസുകൾ ഇന്ന് രാവിലെയാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. മടപ്പള്ളിയിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിയെ ഇടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ ഗതാഗത വകുപ്പ് റദ്ദാക്കി. ഇതിൽ പ്രതിഷധിച്ചാണ് മിന്നൽ സമരം നിരവധി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഈ റൂട്ടിലെ സമരം യാത്രക്കാരെ സാരമായി ബാധിച്ചു. എന്നാൽ, സമരം തങ്ങളുടെ അറിവോടെ നടന്നതല്ലെന്നും മുൻകൂർ അറിയിപ്പ് നൽകാതെ സമരത്തിന് സമ്മതിക്കില്ലെന്നുമാണ് ബസുടമകളുടെ വാദം.


