രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടി പവിത്ര ഗൗഡക്ക് ജയിലിൽ മേക്കപ്പ് ചെയ്യാൻ സൗകര്യം ഒരുക്കിയ പൊലീസ് ഓഫിസർക്ക് നോട്ടീസ് . ഡിസിപി ഓഫീസിൽ നിന്ന് എസ്ഐക്ക് നോട്ടീസ് നൽകുകയും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. പൊലീസ് കസ്റ്റിയിലിരുന്ന് പവിത്ര ഗൗഡ മേക്കപ്പിട്ട ചിത്രങ്ങളാണ് വൈറലാകുന്നത്.
ആരാധകനായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്കൊപ്പമാണ് നടി പവിത്ര ഗൗഡയും അറസ്റ്റിലായത്. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കേസന്വേഷണത്തിന്റെ ഭാഗമായി ജൂൺ 15ന് പവിത്രയെ ബെംഗളൂരുവിലെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. അവിടെ നിന്ന് മടങ്ങുമ്പോഴുള്ള ചിത്രത്തിലാണ് പവിത്ര മേക്കപ്പ് ചെയ്തിരിക്കുന്നത്. പവിത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.


