കൊല്ലം: പുനലൂരില്‍ കല്ലടയാറ്റില്‍ ചാടി യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു. കൊല്ലം കല്ലുവാതുക്കല്‍ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജന് (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മുക്കടവ് റബ്ബര്‍ പാര്ക്കിന് സമീപമായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ ഒരു സ്ത്രീയും രണ്ട് കുട്ടികളും നടന്ന് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. പുനലൂര്‍ ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


