എച്ചിപ്പാറയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളെ കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന വീഡിയോ പുറത്ത്. സുരക്ഷാ മുൻകരുതലുമില്ലാതെയാണ് പാമ്പിനെ പിടിപ്പിച്ചതെന്നാണ് ആക്ഷേപം. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടുന്നത്. പാമ്പ് നിരവധിതവണ യുവാക്കളെ കൊത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
എച്ചിപ്പാറ പുഴയോരത്തെ കരിങ്കൽ കെട്ടിൽ കയറിയ രാജവെമ്പാലയെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നാട്ടിലെ ചെറുപ്പക്കാരോട് പാമ്പിനെ പിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തികച്ചും അശാസ്ത്രീയമായാണ് യുവാക്കൾ പാമ്പിനെ പിടികൂടുന്നത്. ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും, മറ്റേയാൾ പ്രദേശവാസിയുമാണ്.അതേസമയം വനംവകുപ്പ് അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.കൂടെയുള്ള ഒരാൾ പാമ്പിൻ്റെ വാലിൽ പിടികൂടിയെങ്കിലും പത്തി വിടർത്തി കൊത്താൻ ഒരുങ്ങുന്നതും പിന്നീട് പാമ്പ് കൈയ്യിൽ നിന്ന് വഴുതിപോകുന്നതും ദൃശ്യങ്ങളിൽ കാണാം