തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരാതിയുമായി സിപിഐ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തിയും സിപിഎം നേതൃത്വത്തെ അറിയിച്ചു. ഇപി ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ പി ജയരാജനെതിരെ സിപിഎം നടപടിയെടുക്കുന്നത് കാക്കുകയാണ് സിപിഐ.
അതേസമയം തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റില്‍ വിഷയം ആളികത്തും. തെരഞ്ഞെടുപ്പാണ് യോഗത്തിന്റെ വിഷയമെങ്കിലും ഇപിക്കെതിരെയുള്ള യോഗം കൂടിയായി ഇത് മാറും. എന്നാല്‍ ഇപിക്കെതിരേയുള്ള നടപടികള്‍ ലോക്സഭ തെരഞ്ഞടുപ്പ് തീരുംവരെ നീട്ടികൊണ്ടുപോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദശേം
ഇപി ജയരാജന്റെ കൂടിക്കാഴ്ചയില്‍ സിപിഎം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സമാനമായ പ്രതികരണം തന്നെയാണ് മുന ധനമന്ത്രിയും ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ ടി എം തോമസ് ഐസക്കും പ്രകടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് ദിവസം രാവിലെയായിരുന്നു പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തിറങ്ങിയ ഇ പി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചത്. കുശലാന്വേഷണമെന്ന തരത്തില്‍ നിസ്സാരവത്കരിച്ചാണ് കൂടിക്കാഴ്ചയെ ഇപി അവതരിപ്പിച്ചതെങ്കിലും യുഡിഎഫും ബിജെപിയും വിഷയം വലിയ വിവാദമാക്കി. തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന വിലയിരുത്തലുമുണ്ട്.