ദില്ലി: തൊപ്പി വച്ചതിന് ഗുരുഗ്രാമില്‍ മുസ്ലീം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി  നിയുക്ത ബിജെപി എംപി ഗൗതം ഗംഭീര്‍. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. സംഭവം വളരെ പരിതാപകരമാണെന്നും അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ പരിതാപകരമാണ്.  സഹിഷ്ണുതയും എല്ലാവരുടെയും വളര്‍ച്ചയുമാണ് രാജ്യത്തിന് അടിസ്ഥാനം. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന പ്രധാനമന്ത്രിയുടെ വാക്യത്തില്‍ നിന്നാണ് മതനിരപേക്ഷതയെക്കുറിച്ചുള്ള തന്‍റെ ചിന്തകളും ഉണ്ടായതെന്നും ഗൗതം ഗംഭീര്‍ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.

തലയില്‍ തൊപ്പി ധരിച്ചെന്ന കാരണത്താലാണ് ജക്കുംപുര എന്ന സ്ഥലത്ത് വച്ച് പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്ന മുസ്ലീം യുവാവ് മുഹമ്മദ് ബര്‍ക്കത്ത് ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് മുസ്ലീങ്ങള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും തൊപ്പി അഴിച്ചുമാറ്റണമെന്നും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടു. കൂടാതെ ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.