തൊടുപുഴ :അന്താരാഷ്ട്ര സ്വര്‍ണ്ണാഭരണ ശാലകളും ന്യൂജെന്‍ സ്വര്‍ണ്ണാഭരണ ശാലകളും തൊടുപുഴയില്‍ എത്തും മുന്‍പ് സ്വര്‍ണ്ണാഭരണ വ്യാപാര രംഗത്തു മുടി ചൂടാമന്നനായിരുന്നു പുല്‍പ്പറമ്പില്‍ ജൂവല്ലേഴ്സ് ഉടമ പി ജെ ജോണ്‍ എന്ന നാട്ടുകാരുടെ കുഞ്ഞേട്ടന് യാത്രയാകുമ്പോള്‍ ഒരു കാലഘട്ടത്തിലെ തൊടുപുഴയിലെ പ്രമുകനെയാണ് നഷ്ടമാകുന്നത് .തൊടുപുഴയിലെ ആദ്യകാല സ്വര്‍ണ്ണാഭരണ ശാലയുടെ അമരക്കാരനെയാണ് നഷ്ടമായത് .1940 വരെ സ്വര്‍ണ്ണാഭരണ ശാലകള്‍ ഇല്ലായിരുന്നു .പൊന്നുപ്പണിക്കരെ വീട്ടില്‍ വിളിച്ചു വരുത്തി ആഭരണം പണിയിക്കുന്ന രീതിയായിരുന്നു .1940 കാലഘട്ടത്തിലാണ് സ്വര്‍ണ്ണം വില്‍ക്കുന്നതിനും വാങ്ങുന്നതിനും കടകള്‍ക്കു തുടക്കം കുറിച്ചത് .
തൊടുപുഴയിലെ ആദ്യകാല സ്വര്‍ണ്ണാഭരണ ശാലകളില്‍ ഒന്നായിരുന്നു പുല്പറമ്പില് ജൂവല്ലേഴ്സ് .ശുദ്ധമായ സ്വര്‍ണ്ണം എന്ന പേര് ലഭിച്ചതോടെ ഏറ്റവും തിരക്കുള്ള സ്ഥാപനമായി ഇത് വളര്‍ന്നു .ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച ഇവിടെ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ ഏറെ കാത്തു നില്‍ക്കേണ്ട കാലഘട്ടവും ഉണ്ടായിരുന്നു .വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം എടുക്കുവാന്‍ കൂടുതല്‍ ആളുകള്‍ എത്തിയിരുന്നതും ഇവിടെയായിരുന്നു .രാവിലെ ഇവിടെ വരുന്നവര്‍ സ്വര്‍ണ്ണം വാങ്ങി വീടുകളില്‍ എത്തുമ്പോള്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ഒരു കാലഘട്ടവും പുല്‍പ്പറമ്പില്‍ ജൂവലറിയുടെ വിശ്വാസ്യതയാണ് വിളിച്ചോതിയതു .സ്വര്‍ണ്ണം എന്ന് പറഞ്ഞാല്‍ പുല്‍പ്പറമ്പില്‍ എന്ന് പറയുന്ന നീണ്ട ഒരു കാലയളവുണ്ടായിരുന്നു .ജനം അത്രമേല്‍ കുഞ്ഞേട്ടനെയും സ്ഥാപനത്തെയും വിശ്വസിച്ചിരുന്നു .ഓരോ ഉപഭോക്താവുമായി അടുത്ത കുടുംബ ബന്ധം ഇദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു . തൊടുപുഴയുടെ വ്യാപാര രംഗത്തെ ഒരു കാരണവരെയാണ് കുഞ്ഞേട്ടന്റെ മരണത്തോടെ നഷ്ടമായത് .