നടി ആശ ശരത്ത് കുടുങ്ങി: ‘എന്‍റെ ഭർത്താവിനെ കാണാനില്ല’; സിനിമയുടെ പേരിൽ വ്യാജപ്രചാരണമെന്ന് ആശാ ശരത്തിനെതിരെ പരാതി

ഇടുക്കി: സിനിമ പ്രമോഷന്‍റെ പേരിൽ വ്യാജപ്രചാരണം നടത്തിയെന്ന് സിനിമാതാരം ആശാ ശരത്തിനെതിരെ പരാതി. വയനാട് സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. പൊലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയതിനാണ് കേസ്. ഇടുക്കി ജില്ല പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.

ആശാ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയായ ‘എവിടെ’യുടെ പ്രമോഷന്‍റെ ഭാഗമായാണ് താരം ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നുമുള്ള അപേക്ഷയായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

കുറച്ചു ദിവസമായി ഭർത്താവിനെ കാണുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം എന്ന അഭ്യര്‍ഥനയുമായാണ് ആശാ ശരത്ത് രംഗത്ത് എത്തിയത്. ‘എവിടെ’ പ്രമോഷൻ വീഡിയോ എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. മനോജ് കെ ജയനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.

വീഡിയോയില്‍ ആശാ ശരത് പറയുന്നത്

കുറച്ചു ദിവസമായി എന്‍റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം.

എപ്പോഴും എന്‍റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്‍റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർട്ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്‍റെ കുടുംബാംഗങ്ങളും.

എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.

Read Previous

എഞ്ചിനീയറുടെ ദേഹത്ത് കോണ്‍ഗ്രസ് എംഎല്‍എയും അനുയായികളും ചളി കോരിയൊഴിച്ചു

Read Next

കേരളത്തില്‍ 30 ലക്ഷം അംഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി

error: Content is protected !!