സംസാരിക്കാന്‍ അവസരം നല്‍കിയില്ല; മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനെതിരെ പ്രതിഷേധവുമായി ജില്ലയിലെ യുഡിഎഫ് എംഎല്‍എമാർ

മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനെതിരെ പ്രതിഷേധവുമായി ജില്ലയിലെ യുഡിഎഫ് എംഎല്‍എമാർ. മുഖ്യമന്ത്രി പ്രസംഗിച്ചതല്ലാതെ അഭിപ്രായം പറയാൻ പോലും മറ്റാരെയും അനുവദിച്ചില്ലെന്നാണ് എംഎല്‍എമാരുടെ ആക്ഷേപം. യുഡിഎഫ് എംഎല്‍എമാരായ എം ഉമ്മര്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങള്‍ തുടങ്ങിയവരാണ് പ്രതിഷേധമുയര്‍ത്തിയത്.

അവലോകന യോഗം പ്രഹസനമാണെന്നും ജില്ലയിലെ സര്‍ക്കാര്‍ ഏകോപനം കാര്യക്ഷമമല്ലെന്നുമാണ് എംഎല്‍എമാരുടെ ആരോപണം. യോഗത്തില്‍ സംസാരിച്ചത് മുഖ്യമന്ത്രി മാത്രമാണെന്നും തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നുമായിരുന്നു എംഎല്‍എമാരുടെ ആരോപിച്ചു. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, ഇനി എന്ത് ചെയ്യും എന്നതിനെക്കുറിച്ചൊന്നും അവലോകന യോഗത്തില്‍ ചര്‍ച്ച നടന്നില്ലെന്നും എംഎല്‍എമാർ വിമര്‍ശിച്ചു.

എന്നാല്‍, അവലോകന യോഗത്തിൽ സംസാരിക്കുന്നതിൽ നിന്ന് ആരെയും വിലക്കിയിരുന്നില്ലെന്ന് നിലമ്പൂര്‍ എംഎൽഎ പി വി അൻവർ പ്രതികരിച്ചു. ദുരന്ത മുഖത്ത് രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ദുരന്തത്തിന്‍റെ വ്യാപ്തി മുഖ്യമന്ത്രിയെ ധരിപ്പിക്കാനായെന്നും എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തെന്നും പി വി അൻവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Read Previous

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14) ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read Next

പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ബൈക്കില്‍ ഇരിക്കുന്ന നിലയില്‍