പുറത്താക്കിയ നടപടി അനീതിയെന്ന് ജോസ് കെ മാണി; നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്ന് ബെന്നി ബഹനാന്‍

പുറത്താക്കപ്പെട്ട നടപടിയില്‍ പ്രതികരണവുമായി ജോസ് കെ മാണി. യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് നടപടി അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ്. പുറത്താക്കിയിരി ക്കുന്നത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞിരിക്കുന്നത്. യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവച്ചില്ല എന്ന നിസാരമായ കാര്യത്തിനാണ് യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗം കേരള കോണ്‍ഗ്രസുകളും അവകാശവാദം ഉന്നയിച്ചിരുന്നുവെന്നും അതേ തുടര്‍ന്ന് യു.ഡി.എഫ്. നേതൃത്വം ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് ഒരു ധാരണയുണ്ടാക്കിയെന്നും ബെന്നി ബഹനാന്‍ സംഭവത്തിന് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞു.

ധാരണപ്രകാരം 8 മാസം ജോസ് കെ. മാണി വിഭാഗത്തിനും 6 മാസം പി.ജെ. ജോസഫ് വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം കോട്ടയം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പിനോടു പ്രഖ്യാപിക്കാന്‍ യു.ഡി.എഫ്. ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 8 മാസ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവെച്ചില്ല. അതേത്തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി പി.കെ. കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ്. ചുമതലപ്പെടുത്തി.

പലവട്ടം ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍ മറ്റു ഘടകക്ഷി നേതാക്കള്‍ എന്നിവര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി എന്നാല്‍, ജോസ് വിഭാഗം രാജിവെയ്ക്കാന്‍ തയ്യാറായില്ല. യു.ഡി.എഫ്. സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലാത്തതാണെന്ന് പരസ്യമായ നിലപാട് എടുത്തു.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് യു.ഡി.എഫില്‍ തുടരാനുള്ള അര്‍ഹതയില്ല. യു.ഡി.എഫ്. യോഗങ്ങളില്‍ നിന്നും അവരെ മാറ്റി നിര്‍ത്താനും തീരുമാനിച്ചതായി യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. യു.ഡി.എഫിന്റെ അടുത്ത യോഗം ജൂലൈ ഒന്നിന് വൈകിട്ട് 3 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

മുറിക്കല്ല് ബൈപ്പാസ് പദ്ധതി നീളുന്നത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജാഗ്രത കുറവ് കൊണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍

Read Next

ഓപ്പറേഷന്‍ പി ഹണ്ട്; ഇന്റര്‍പോളിന്റെ സഹായത്തോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് എഡിജിപി മനോജ് എബ്രഹാം

error: Content is protected !!