പ്രളയത്തെ അതിജീവിച്ച് കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല സംസ്ഥാനത്ത് ഒന്നാമത്.

എടത്വ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. 99.91 ശതമാനം വിജയമാണ് നേടിയത്.33 സ്‌കൂളുകളില്‍ നിന്നായി പരീക്ഷ എഴുതിയ 2114 വിദ്യാര്‍ത്ഥികളില്‍ 2112 വിദ്യാര്‍ത്ഥികളും വിജയിച്ചു. ആണ്‍ കുട്ടികള്‍ 11 20, പെണ്‍കുട്ടികള്‍ 994. പെണ്‍കുട്ടികളുടേത് സമ്പൂര്‍ണ വിജയമാണ്.
പ്രളയം അപ്പാടെ തകര്‍ത്ത കുട്ടനാട്ടില്‍ എസ്.എസ്.എല്‍.സി വിജയം ഇരട്ടി മധുരമാണ് സമ്മാനിച്ചത്. അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 31 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയിച്ചത്. 150 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. തലവടി ജി.വി.എച്ച്.എസ്.എസ്., കുപ്പപ്പുറം ജി.എച്ച്.എസ്.എസ്., മങ്കൊമ്പ് അവിട്ടം തിരുനാള്‍ ജി.വി.എച്ച്.എസ്.എസ്., കരുമാടി കുഞ്ചുപിള്ള സ്മാരക ജി.എച്ച്.എസ്., കൊടുപ്പുന്ന ജി.എച്ച്.എസ് എന്നീ സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയും മറ്റം സെന്റ് ജോണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ കെസിയ സൂസന്‍ ചെറിയാനും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന് തുടര്‍ച്ചയായി ഒന്‍പതാം തവണയും നൂറ് ശതമാനം വിജയം. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 120 കുട്ടികളും ഉന്നത നിലവാരത്തിലാണ് വിജയിച്ചത്. നാലു കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സും മൂന്നു കുട്ടികള്‍ക്ക് ഒന്‍പത് എ പ്ലസ്സും ഏഴ് കുട്ടികള്‍ക്ക് എട്ട് എ പ്ലസ്സും കരസ്ഥമാക്കി.സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ചൂരവടി പി.ടി.എ. പ്രസിഡണ്ട് സേവ്യര്‍ മാത്യു നെല്ലിക്കല്‍ പ്രധാനാധ്യാപകന്‍ തോമസുകുട്ടി മാത്യു എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു .

25 ദിവസം അടഞ്ഞു മുങ്ങി കിടന്ന സ്‌കൂളുകള്‍, കുതിര്‍ന്ന് ഒലിച്ച് പോയ പാഠപുസ്തകങ്ങള്‍, ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം ….ബാക്കി കിട്ടിയ ദിവസം കൊണ്ട് നേടിയെടുത്തതാണ് അതിജീവനത്തിന്റെ ഈ തിളങ്ങുന്ന ഈ മാര്‍ക്ക് ഷീറ്റ്.ഇത് പ്രളയ നാളുകളിലെ ദുരിതങ്ങളെ മറക്കത്തക്ക നിലയില്‍ ഉള്ള നേട്ടമാണെന്ന് ചങ്ങനാശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജ്‌മെന്റ് ഓഫ് സ്‌കൂള്‍സ് സെന്‍ട്രല്‍ പി.ടി.എ മുന്‍ വൈസ്പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ ഇടിക്കുള (എടത്വാ )ആശംസ സന്ദേശത്തില്‍ പറഞ്ഞു. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ ഉന്നത വിജയത്തിന് കഠിനാധ്വാനം ചെയ്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും അധ്യാപക രക്ഷകര്‍തൃ സമിതിയെയും അനുമോദിച്ചു.

11 RDads Place Your ads small

Avatar

Chief Editor

Read Previous

ശ്രീലങ്കയിലെ ഭീകരാക്രമണം : 38 ചാവേറുകൾക്ക് പരിശീലനം കിട്ടി

Read Next

പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കത്ത് നല്‍കി

error: Content is protected !!