എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകള്‍ റോഡരികില്‍

WELLWISHER ADS RS

പേരാമ്പ്ര: വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകള്‍ റോഡരികില്‍. കോഴിക്കോട് ജില്ലയിലെ കായണ്ണ ജിഎച്ച്‌എസ്‌എസില്‍ ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് പെരുവഴിയില്‍ നിന്നും ലഭിച്ചത്. തപാല്‍വഴി അയയ്ക്കാനായി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടുപോകുമ്ബോള്‍ കെട്ട് ബൈക്കില്‍നിന്ന് വീണതാണെന്ന് കരുതുന്നു. സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍ പരീക്ഷാജോലികളില്‍നിന്ന് നീക്കി. തുടരന്വേഷണവുമുണ്ടാകും.

മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് ഇതുവഴിപോയ നാട്ടുകാരന് ലഭിച്ചത്. സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസില്‍ എത്തിച്ച്‌ അയയ്ക്കാനായാണ് ഇവ കൊണ്ടുപോയത്. കെട്ട് ലഭിച്ചയാള്‍ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിച്ചു.

കെട്ടുകള്‍ സീല്‍ പൊട്ടാതെ, ഒരു പോറല്‍പോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍ അറിയിച്ചു. ബുധനാഴ്ച ഉത്തരക്കടലാസുകള്‍ പോലീസ് കാവലില്‍ സ്‌കൂളില്‍ത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാല്‍വഴി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, താന്‍ രോഗിയാണെന്നും തലചുറ്റി ബൈക്കില്‍നിന്നുവീണ് പീടികയില്‍ കയറിയിരുന്ന സമയം നാട്ടുകാര്‍ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് സ്‌കൂള്‍ ജീവനക്കാരന്‍ ഡിഡിഇയോട് പറഞ്ഞത്.

കായണ്ണ ജിഎച്ച്‌എസ്‌എസില്‍ ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതറിഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തകരും നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഡിഡിഇയെ വിവരമറിയിച്ചത്.

Subscribe to our newsletter

Leave A Reply

Your email address will not be published.