കൊവിഡ്19; ദക്ഷിണേഷ്യയില്‍ 10 കോടിയിലധികം കുട്ടികള്‍ മുഴു പട്ടിണിയിലാവും യൂണിസെഫ്

കൊവിഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കോവിഡ് ദക്ഷിണേഷ്യയില്‍ വന്‍ പട്ടിണിക്ക് കാരണമാകുമെന്ന് പറയുകയാണ് യൂണിസെഫ്. ദക്ഷിണേഷ്യയില്‍ 10 കോടിയിലധികം കുട്ടികള്‍ കടുത്ത പട്ടിണിയിലാവുമെന്നാണ് യൂണിസെഫിന്റെ പ്രസ്താവന.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന്റെ സാമ്പത്തികവും സാമുഹികവുമായ പരിണിതഫലങ്ങള്‍ നേരിട്ടനുഭവിക്കുന്നത് കുട്ടികളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള എജന്‍സി യൂണിസെഫ് പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാല്‍ദ്വീപ്, ഭൂട്ടാന്‍ ഒക്കെ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയില്‍ 60 കോടി കുട്ടികളാണുള്ളത്. ഇവരില്‍ 24 കോടിയോളം ഇപ്പോള്‍ തന്നെ പട്ടിണിയിലാണ്.

മോശം സാഹചര്യം തുടര്‍ന്നാല്‍, ആറു മാസത്തിനുള്ളില്‍ കോവിഡ് മൂലം 12 കോടി കുട്ടികള്‍കൂടി പട്ടിണിയിലാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ അടിയന്തിര നടപടി എടുക്കുന്നില്ലെങ്കില്‍, വളര്‍ന്ന് വരുന്ന ഭാവി തലമുറയെയും അവരുടെ പ്രതീക്ഷകളെയും നശിപ്പിക്കാന്‍ കോവിഡിന് കഴിയുമെന്നും യൂണിസെഫ് അധികൃതര്‍ വ്യക്തമാക്കി.

Read Previous

വാഴപ്പിള്ളി സ്‌കൂളില്‍ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി

Read Next

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി കൊവിഡ് രോഗം ബാധിച്ചു

error: Content is protected !!