ലഹരിക്കെതിരെ സമൂഹം ജാഗരൂകരാകണം: നടന്‍ വിനയ് ഫോര്‍ട്ട്

ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിയുടെ അപകടങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സിനിമാ താരം വിനയ് ഫോര്‍ട്ട് അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ സഹകരണത്തോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുറത്തിറക്കിയ വിമുക്തി എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു നടന്‍.

ലഹരിയുടെ ദൂഷ്യവശങ്ങള്‍ ഇന്ന് സമൂഹത്തെ കാര്‍ന്ന് തിന്നുകയാണ്. പുതുതലമുറ വലിയ തോതില്‍ ഇതിന് അടിമകളായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇതിനെതിരെ ബോധവല്‍ക്കരണമുള്‍പ്പടെയുള്ള കൂട്ടായ നടപടികള്‍ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജിന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍ മുഖ്യാതിഥിയായി. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. വിജയന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമില്‍ അഖില്‍ ആന്‍ഡ്രൂസാണ് അഭിനയിച്ചിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ഫൈസലാണ്.

സഹ സംവിധാനം ഷെല്‍ബിന്‍ ഡിഗോയും ക്യാമറ ആദര്‍ശ് ടി.ജെയും എഡിറ്റിങ് കൃഷ്ണകുമാര്‍ മാരാരും നിര്‍വഹിക്കുന്നു. ലഹരി വിമുക്ത സന്ദേശവുമായി ഷൈജു ദാമോദരനും ഹ്രസ്വചിത്രത്തിലെത്തുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജെ.ആര്‍ രാജേഷ്, വൈസ് പ്രസിഡന്റ് ഡോ. ജെ. ജേക്കബ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Read Previous

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു

Read Next

കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 65 പേര്‍ രോഗമുക്തി നേടി

error: Content is protected !!