ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്നും നിർമ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം പത്തൊൻപതാം തീയതി ചേർന്ന പ്രൊഡ്യൂസേഴസ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്.

ഡബ്ബിംഗ് പൂർത്തിയാക്കിയാൽ മാത്രം തുടർച്ചർച്ച മതി എന്നായിരുന്നു നിർമ്മാതാക്കളുടെ നിലപാട്. എന്നാൽ പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും നിർമ്മാതാക്കളുടെ സംഘടന നൽകിയ കത്തിന് ഷെയ്ൻ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളിൽ ഡബ്ബിംഗ് പൂർത്തിയാക്കമമെന്ന് അന്തിമശാസന നൽകാൻ പ്രൊഡ്യൂസേഴസ് അസോസിയേഷൻ തീരുമാനിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഷെയ്ൻ ഡബ്ബിംഗ് പൂർത്തിയാക്കുകയോ കത്തിന് വ്യക്തമായ മറുപടി നൽകുകയോ ചെയ്തില്ലെങ്കിൽ ഒത്തുതീർപ്പ് ചർച്ചകളിൽ സജീവമാകേണ്ട എന്നാണ് നിർമ്മാതാക്കളുടെ പൊതുവികാരം.

ഇക്കാര്യം താരസംഘടനയായ അമ്മയുടെ ഭാരവാഹികളെയും അറിയിക്കും. എന്നാൽ ഉല്ലാസം സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനാൽ തൽക്കാലം ഡബ്ബിംഗ് പൂർത്തിയാക്കുന്നത് ആലോചിച്ചിട്ടില്ലെന്നാണ് ഷെയ്ൻ നിഗത്തോട് അടുത്ത വൃന്ദങ്ങൾ പറയുന്നത്. പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളുവെന്നും ഷെയ്ൻ പറയുന്നു. ഈ മാസം ഒൻപതിന് ചേരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തിൽ വിഷയം ചർച്ചയാകുമെന്നും പ്രശ്നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ൻ പറഞ്ഞു.

Read Previous

കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം: ​ഗവർണ്ണറെ വിമർശിച്ച കെ മുരളീധരന് കെ സുരേന്ദ്രന്റെ മറുപടി

Read Next

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ ക്രമം മാറിയേക്കും: ജനസാന്ദ്രത കുറഞ്ഞ ഭാഗത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കാൻ ധാരണ