സ്‌കൂള്‍ വ്യാഴാഴ്ച തുറക്കും; കുട്ടികളുടെ സുരക്ഷ: പൊലിസ് മാര്‍ഗരേഖ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ വ്യാഴാഴ്ച  തുറക്കാനിരിക്കേ, കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് മാര്‍ഗരേഖ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) പ്രസിദ്ധീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തശേഷമാണ് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചത്. സ്‌കൂളുകള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പൂര്‍ണരൂപം കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ലഭിക്കും. മാര്‍ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്.

അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങള്‍ക്ക് ഒരു തവണയെങ്കിലും പിഴയടയ്ക്കപ്പെട്ടയാളെ സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറായി നിയോഗിക്കരുത്. ബസ് ഡ്രൈവര്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിച്ച് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയവും ലൈസന്‍സും ഉണ്ടായിരിക്കണം. എല്ലാ കൊല്ലവും ബസ് ഡ്രൈവറുടെ ആരോഗ്യപരിശോധനയും കാഴ്ചശക്തി പരിശോധനയും നടത്തുക. ബസില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനു മുമ്പ് അവരുടെ പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ബസില്‍ ഒരാളെ, കഴിയുന്നതും ഒരു സ്ത്രീയെ, നിയോഗിക്കണം.

അഞ്ചാം ക്ലാസ്സിലോ അതിനുതാഴെയുളള ക്ലാസ്സുകളിലോ പഠിക്കുന്ന കുട്ടികളെ സ്റ്റോപ്പില്‍ ഇറക്കുമ്പോള്‍ അവരുടെ രക്ഷകര്‍ത്താക്കളോ അധികാരപ്പെടുത്തിയി ട്ടുളള ആളുകളോ ആണ് കുട്ടികളെ ഏറ്റുവാങ്ങുന്നതെന്ന് ഉറപ്പാക്കണം. കുട്ടികളെ ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലെങ്കില്‍ ഒരു കാരണവശാലും അവരെ റോഡില്‍ തനിച്ചാക്കാന്‍ പാടില്ല. രാവിലെ കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു കുട്ടിയും ബസില്‍ അവശേഷിക്കുന്നില്ലെന്ന് ബസ് ഇന്‍ ചാര്‍ജ്ജും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. രാവിലെയും വൈകിട്ടും ബസ് യാത്ര പുറപ്പെടുന്നതിനുമുമ്പുതന്നെ ആ ബസില്‍ യാത്ര ചെയ്യേണ്ട കുട്ടികളുടെ ഹാജര്‍ എടുക്കണം. വൈകുന്നേരവും ഹാജര്‍ എടുത്തിന്ശേഷം രാവിലെ എത്തിയ കുട്ടികള്‍ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കണം.

ബസിനുളളില്‍ ഡ്രൈവറോടും കണ്ടക്ടറോടുമൊപ്പം ഒരുകുട്ടി പ്രത്യേകിച്ചും പെണ്‍കുട്ടി തനിയെ കഴിയാനുളള സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ബസില്‍ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടാകണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുവാനായി അലാറമോ സൈറനോ ഉണ്ടായിരിക്കണം.  ബസില്‍ അഗ്‌നിശമന സംവിധാനം സ്ഥാപിക്കണം. ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ റിക്കോര്‍ഡ് ഉളളവരെ സ്‌കൂളില്‍ ജോലിക്കായി നിയോഗിക്കരുത്.  നിയമന ഉത്തരവ് നല്‍കുമ്പോള്‍ സ്‌കൂളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പുതിയ ജീവനക്കാരെ ബോധ്യപ്പെടുത്തി. സമ്മതപത്രം ഒപ്പിട്ടു വാങ്ങണം

 ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി പരിശീലനം ലഭിച്ച ഒരാളുടെ സേവനം ലഭ്യമാക്കണം സേവനം അവസാനിപ്പിച്ച് പോകുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കണം. സ്വഭാവദൂഷ്യം നിമിത്തമാണ് സേവനം വസാനിപ്പിക്കുന്നതെങ്കില്‍ അക്കാര്യം രേഖപ്പെടുത്തുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം.  സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്ന ഏതൊരാളുടെയും വിവരങ്ങള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സ്‌കൂളിന്റെ പ്രവേശനകവാടം, വരാന്ത, പടിക്കെട്ട്, ലൈബ്രറി, ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, സ്പോര്‍ട്സ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ബസ് പാര്‍ക്കിംഗ് ഏരിയ എന്നിവ പരിധിയില്‍ വരത്തക്ക വിധത്തില്‍ ക്യാമറ സ്ഥാപിക്കണം.

ശുദ്ധജലം ലഭ്യമാക്കുന്ന ടാങ്കുകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. അവ അടച്ച് സൂക്ഷിക്കണം. സ്‌കൂള്‍ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അഗ്‌നിശമന വകുപ്പില്‍ നിന്ന് ആറ് മാസത്തിലൊരിക്കല്‍ വീതം സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. ഭിന്നശേഷി കുട്ടികളുടെ വീല്‍ചെയര്‍ കടന്നുവരത്തക്കവിധത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ റാംപജശറ്റ, റെയിലിങ്ങുകള്‍ എന്നിവ സ്ഥാപിക്കുക. ഇത്തരം കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ടോയിലറ്റുകളിലും ഒരുക്കണം. സ്‌കൂളില്‍ ഒരു കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനുളള സംവിധാനം ഉണ്ടാകണം.  ശാരീരിക അതിക്രമം, ലൈംഗിക അതിക്രമം, കുറ്റപ്പെടുത്തല്‍ മുതലായ കാര്യങ്ങള്‍ തുറന്നുപറയുന്നതിന് എപ്പോഴും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

പുകയില ഉത്പന്നങ്ങള്‍, മയക്കുമരുന്ന്, മദ്യം, അശ്ലീല പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ വിതരണവും വില്‍പനയും സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനെയും എക്സൈസിനെയും അറിയിക്കണം. സ്‌കൂള്‍ പരിസരത്ത് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. എല്ലാ സ്‌കൂള്‍ ബസുകളും മഞ്ഞനിറത്തത്തില്‍ പെയിന്റ് ചെയ്യണം. ബസിന്റെ ഇരുവശങ്ങളിലും സ്‌കൂളിന്റെ പേര് വ്യക്തമായി എഴുതണം. വാടകയ്ക്കെടുത്ത വാഹനമാണെങ്കില്‍ On School Dtuy എന്നു രേഖപ്പെടുത്തിയിരിക്കണം. സ്‌കൂളിന്റെയും അധികാരപ്പെട്ട ആളുകളുടെയും ഫോണ്‍ നമ്പറും സ്‌കൂള്‍ ബസില്‍ വ്യക്തമായി രേഖപ്പെടുത്തണം.
ബസിന്റെ ജനാലകള്‍ സമാന്തരമായ ഗ്രില്ലുകളും മെഷ്വയറും ഘടിപ്പിച്ചതായിരിക്കണം. പൂട്ടാനുള്ള സൗകര്യത്തോടെയാകണം ബസിന്റെ വാതിലുകള്‍. വാഹനം മണിക്കൂറില്‍ 40km/hr അധികം വേഗത്തില്‍ പോകുന്നില്ലെന്ന് ഉറപ്പിക്കുന്നതിനായി എല്ലാ സ്‌കൂള്‍ ബസുകളിലും വേഗനിയന്ത്രണസംവിധാനം ഘടിപ്പിക്കണം.

Read Previous

ക്യാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: വിശദീകരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട്

Read Next

ചീനവലകള്‍ നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ഹൈബി ഈഡന്‍ എംപി

Leave a Reply

error: Content is protected !!