സംസ്ഥാനത്ത് മഴ കുറയും; കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരും

വയനാട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല.

ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മഴയും ദുരിതാശ്വാസ പ്രവര്‍ത്തനവും കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.19 പേരുടെ മൃതദേഹമാണ് ഇത് വരെ കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍.

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരും. കൂടുതൽ വാഹനങ്ങൾ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കൽ തുടരാൻ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താൻ ഉള്ളത്.

Read Previous

ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുറിച്യര്‍മല: 100 കുടുംബങ്ങളെ മാറ്റി

Read Next

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി