വായന ഇന്നും സുരക്ഷിതമാണ് : എളങ്കുന്നപ്പുഴ ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍

നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താല്‍ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തില്‍ എളങ്കുന്നപ്പുഴ ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ വായന ഇന്നും സുരക്ഷിതമാണ്. ഇവിടുത്തെ 162 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഒരു വര്‍ഷം വായിച്ചത് രണ്ടായിരം പുസ്തകങ്ങളാണ്. 8500 ലധികം പുസ്തകങ്ങളുടെ ശേഖരം സ്‌കൂള്‍ ലൈബ്രറിയിലുണ്ട്. വെറുതെ വായിച്ച് പോകുക മാത്രമല്ല വായിക്കുന്ന ഓരോ പുസ്തകത്തിന്റെയും വായനാക്കുറിപ്പും വിദ്യാര്‍ത്ഥികള്‍ എഴുതി സൂക്ഷിക്കുന്നുണ്ട്. ചില്ലിട്ട അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളും, പോളിഷ് ചെയ്ത് സൂക്ഷിക്കുന്ന മേശയും , ബെഞ്ചും, വിദ്യാര്‍ഥികളുടെ ചിത്രങ്ങളും ലൈബ്രറിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ്. കൂടാതെ വായിക്കാന്‍ എത്തുന്നവര്‍ക്ക് പുത്തന്‍ ഉന്മേഷവും.

PRD,SCHOOL LIBRARY,ELAMKUNNAPUZHA SCHOOL,RASHTRADEEPAMവളരെ ചിട്ടയോട് കൂടെ പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന നവീകരിച്ച സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളും ഭൗതീക സാഹചര്യങ്ങളും വായിക്കാന്‍ ഏറെ പ്രചോദനം നല്‍കുന്നു. ചെടികളും , വിദ്യാര്‍ത്ഥികള്‍ വരച്ച മനോഹര ചിത്രങ്ങളും കാരിക്കേച്ചറുകളും ലൈബ്രറിയുടെ മാറ്റ് കൂട്ടുന്നു. ക്യാറ്റലോഗ് രജിസ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പുസ്തകങ്ങള്‍ വേഗത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. കൂടാതെ ലൈബ്രറി ഡിജിറ്റല്‍ ക്യാറ്റലോഗ് സംവിധാനം ആക്കാനുള്ള പരിശ്രമത്തിലാണ് . രാവിലെ 8.45ന് പ്രവര്‍ത്തനം ആരംഭിക്കുന്ന ലൈബ്രറി വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അദ്ധ്യാപകരും മാതാപിതാക്കളും വായനക്കാരാണ്. വേനലവധിക്കാലത്തും സ്‌കൂള്‍ ലൈബ്രറി ഉഷാറാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് .PRD,SCHOOL LIBRARY,ELAMKUNNAPUZHA SCHOOL,RASHTRADEEPAM

വായാനാക്കുറിപ്പ് കിട്ടിയാല്‍ മാത്രമേ അടുത്ത പുസ്തകം എടുക്കാന്‍ സാധിക്കൂ. തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഓരോ ക്ലാസ്സിലെയും മികച്ച വായനാക്കുറിപ്പ് വായിപ്പിക്കും. അത് പുസ്തകം വായിക്കാന്‍ മറ്റ് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രചോദനം നല്‍കുന്നുണ്ടെന്നാണ് ലൈബ്രറിയുടെ ചുമതലയുള്ള മലയാളം അദ്ധ്യാപിക ലിനി ടീച്ചര്‍ പറയുന്നത്.

വായന പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് എല്ലാ വിദ്യാര്‍ഥികളും അവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ വായനക്കുറിപ്പ് മാസികയാക്കി സൂക്ഷിക്കുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങളുണ്ട്. നോവലുകള്‍, നോവല്‍ വിവര്‍ത്തനം, ഡിറ്റക്ടീവ് നോവലുകളും വിവര്‍ത്തനങ്ങളും, ഓര്‍മ്മക്കുറിപ്പ്, അനുഭവക്കുറിപ്പ്, സ്മരണ, കത്ത് , ഡയറി, തൂലികാ ചിത്രം, അഭിമുഖം, ഗ്രാഫിക് നോവല്‍, ചെറുകഥ, നാടകം, കാവ്യങ്ങളും വിവര്‍ത്തനവും, സമ്പൂര്‍ണ്ണ കൃതികള്‍, നിരൂപണം, ഉപന്യാസം, പഠനം, നിഘണ്ടു, ശബ്ദതാരാവലി, വിജ്ഞാനകോശം, ഹാസ്യസാഹിത്യം കാര്‍ട്ടൂണ്‍ , ജീവചരിത്രം , ആത്മകഥ, യാത്രാവിവരണം, രാഷ്ട്രീയം, നിയമം, പ്രസംഗം, ക്വിസ്, ഗാന്ധിസാഹിത്യം, ചരിത്രം , ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, തത്വശാസ്ത്രം, ധനശാസ്ത്രം , ജന്തുശാസ്ത്രം, കൃഷി ആരോഗ്യം , പരിസ്ഥിതി, വ്യാകരണം, ബാലസാഹിത്യം തുടങ്ങിയ വിവിധ തരത്തിലുള്ള പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. പുസ്തകങ്ങളുടെ വര്‍ഗീകരണ ബോര്‍ഡില്‍ വിവിധ പുസ്തകങ്ങള്‍, ഷെല്‍ഫ് നമ്പര്‍, ഇവയുടെ കോഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ലൈബ്രറിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് . കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് മുന്നില്‍ ലോകജാലകം തുറക്കാനും, സഭാ കമ്പം മാറ്റി നേതൃപാഠവം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹൈസ്‌ക്കൂള്‍ കുട്ടികളുടെ മലയാളം ക്ലാസ്സ് ആരംഭിക്കുന്നത് ടീച്ചര്‍ പറയുന്ന ഏതെങ്കിലും വിഷയത്തില്‍ അഞ്ച് മിനിട്ട് പ്രസംഗത്തിന് ശേഷമാണ്.

സ്‌കൂളില്‍ ലൈബ്രറികള്‍ സാധാരണമാണ്. ഒരു സ്‌കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി സ്ഥാപിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ ഇവിടുത്തെ ഓരോ വിദ്യാര്‍ഥികളുടെയും വീടുകളില്‍ ഹോം ലൈബ്രറികള്‍ സജീവമാണ്. പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കാര്‍ബോര്‍ഡ് ഉപയോഗിച്ച് ഷെല്‍ഫ് നിര്‍മ്മിക്കാന്‍ പ്രത്യേക ക്ലാസുകളും നല്‍കി . കഴിഞ്ഞ വര്‍ഷത്തെ മികച്ച ഹോം ലൈബ്രറിക്കുള്ള സമ്മാനത്തിന് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ രേഷ്മ ശ്രീകുമാര്‍, എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ സങ്കീര്‍ത്തന ടി എസ്, ഗൗരി കൃഷ്ണ ഇ. കെ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനഘ ബാബു എന്നിവര്‍ അര്‍ഹരായി. 140 പുസ്തകങ്ങളാണ് ഗൗരികൃഷ്ണ കഴിഞ്ഞവര്‍ഷം വായിച്ചു തീര്‍ത്തത്. അധ്യാപകരുടെ സംഘം കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ഹോം ലൈബ്രറികള്‍ വിലയിരുത്തിയാണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്.1915ല്‍ കൊച്ചി രാജാവിന്റ കാലത്ത് പണികഴിപ്പിച്ച സ്‌കൂളിന്റെ ലൈബ്രറിയില്‍ ആ കാലത്തെ പുസ്തകങ്ങള്‍ ഇന്നും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. 1956 ല്‍ ഇവിടുത്ത വിദ്യാര്‍ഥിയായിരുന്ന ഹെര്‍ നാഡോ ഹാര്‍ട്ട് ക്ലിനിക്ക് റിട്ട. ഡയറക്ടറും, കാര്‍ഡിയോളജിസ്റ്റുമായ ഡോ. എം.പി. രവീന്ദ്രനാഥന്‍നാണ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിയത്. മികച്ച ഹോം ലൈബ്രറിക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കുന്നതും ഇദ്ദേഹമാണ്. മനോഹരമായ മേശയും ഇരിപ്പിട സൗകര്യങ്ങളും ജില്ലാ പഞ്ചായത്തിന്റെ സംഭാവനയാണ് . ഭാവിയുടെ സുന്ദരസ്വപ്നങ്ങള്‍ കാണാനും ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാനും സഹായിക്കുന്നതിനായി ലൈബ്രറി കേന്ദ്രീകരിച്ച് സെമിനാറുകളും സംവാദങ്ങളും പഠന ക്ലാസ്സുകളും അദ്ധ്യാപകര്‍ സംഘടിപ്പിക്കുന്നുണ്ട്.

എളങ്കുന്നപ്പുഴ ഗവ ഹൈസ്‌ക്കൂളിലെ ലൈബ്രറി വിശേഷങ്ങളുമായി ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫിസ് തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ദേയമാവുകയാണ്. നിജാസ് ജുവല്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും കെസിയ മരിയയാണ്. ആശയം,ഗവേഷണം കെക. ജയകുമാര്‍. എം.എന്‍ സുനില്‍കുമാറിന്റേതാണ് എഡിറ്റിംഗ്. ക്യാമറാമാന്‍ ഡിഡി സലീംകുമാര്‍. തനത് ഗ്രാമീണ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.⇓

Read Previous

4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ശാസന

Read Next

മുഖ്യമന്ത്രിയെ ട്രോളി; ശമ്പളം ലഭിക്കാത്തതിനാല്‍ പൊട്ടിക്കരഞ്ഞ് പോലീസുകാരന്‍ ആത്മഹത്യാ ഭീഷണി