സിവില്‍ സ്റ്റേഷനിലും പരിസരത്തും മാലിന്യകൂമ്പാരം, ഒടുവില്‍ ഷാജിയുടെ പ്രതിഷേധം ഫലംകണ്ടു, അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആര്‍ഡിഒ

മൂവാറ്റുപുഴ: മൂക്ക് പൊത്താതെ മാസ്‌ക് ധരിക്കാതെ സിവില്‍ സ്‌റ്റേഷനിലോ സമീപത്തെ റോഡിലൂടെയോ നടക്കാന്‍ കഴിയില്ല. ഇവിടുത്തെ മാലിന്യ കൂമ്പാരം കണ്ടാല്‍ നഗരസഭയുടെ ഡമ്പിങ്ങ് യാഡാണന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ തെറ്റു പറഞ്ഞുകൂടാ. അത്രക്ക് അറപ്പും വെറുപ്പുമുണ്ടാക്കുന്നത്ര മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.

ആര്‍ഡിഓ കോടതിയില്‍ തുടങ്ങി ആര്‍മി ഹോസ്പിറ്റല്‍, ഇഎസ്‌ഐ ആശുപത്രി, അംഗന്‍ വാടികള്‍ വരെ സ്ഥിതി ചെയ്യുന്നിടത്താണ് ഇതെന്നതും അധികൃതര്‍ മറന്നുകൂടാ. മഴപെയ്താല്‍ മാലിന്യമപ്പാടെ ഒഴുകി എത്തുക സമീപത്തെ കിണറുകളിലേക്കാണ്. മാലിന്യ നിക്ഷേപത്തിലൂടെ മാറാരോഗങ്ങളും തെരുവുനായ്ക്കളുടെ ശല്യവും ഏറിവരുന്നു. രോഗികള്‍ ഉള്‍പ്പെടെ നിരവധിയാളുകളും, ജീവനക്കാരും നിത്യേന വന്നുപോകുന്ന സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ശൗചാലയം കാണാമറയത്താക്കി മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ നിരവധി തവണ അധികൃതരെ സമീപിച്ചങ്കിലും സത്വര നടപടി മാത്രം ഇല്ല.

സംഭവം ശ്രദ്ദയില്‍പ്പെട്ട സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.ജെ. ഷാജി നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തും സമീപ റോഡിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ ആര്‍ഡിഓക്കും, വികസനസമിതി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ മുന്നിലും പരാതി നല്‍കിയെങ്കിലും അവിടെയും സ്ഥിതി അങ്ങനെ തന്നെ നടപടി മാത്രമുണ്ടായില്ല. ഇതേതുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ ഷാജി മാലിന്യ കൂമ്പാരത്തില്‍ മുട്ടുകുത്തി നിന്ന് പ്രതിഷേധ സമരം തുടങ്ങി. നാട്ടുകാരും പിന്തുണയുമായി എത്തിയതോടെ ഉച്ചയോടെ സമരം ആര്‍ഡിഓ ഓഫീസ് പരിസരത്തെ ചവറുകൂനയിലേക്ക് മാറ്റി.

തുടര്‍ന്ന് റിയാക്ട് ചെയര്‍മാന്‍ വൈ.അന്‍സാരി ആര്‍ഡിഓയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം റവന്യൂ അധികാരികള്‍ സമരസ്ഥലത്തെത്തി അടിയന്തിര നടപടി സ്വീകരിക്കുമെന്ന ഉറപ്പുനല്‍കുകയും ചെയ്തു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് ബിജു പൈലി, നിസാര്‍ കെ.എച്ച്, മോഹനന്‍, ബിജി പ്രഭാകരന്‍, അഷ്‌ക്.കെ.എ, സുജി.പി.എം, അമീര്‍. കെ.എം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും പിന്തുണയുമായി എത്തിയിരുന്നു. പ്രശ്‌ന പരിഹാരമുണ്ടായില്ലങ്കില്‍ തുടര്‍ സമരങ്ങള്‍ തുടങ്ങുമെന്ന് ഷാജി പറഞ്ഞു.

Read Previous

23 കോടി വിലവരുന്ന മീനിനെ പിടിച്ചിട്ടും അതിനെ കടലിലേക്ക് തിരിച്ചുവിട്ടു

Read Next

ബൈക്കിലെത്തി മാലപൊട്ടിക്കല്‍; പ്രതികളെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്

error: Content is protected !!