മരുമകനെ ഭാര്യാപിതാവും ഭാര്യാമാതാവും ചേര്‍ന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു

രാജാക്കാട്: വീട്ടിലെത്തി വാക്കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച മരുമകനെ ഭാര്യാപിതാവും ഭാര്യാമാതാവും ചേര്‍ന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി കൂട്ടുങ്കല്‍ ഷിബു(49)വാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഷീജയുടെ മാതാപിതാക്കളായ മമ്മട്ടിക്കാനം മാരാര്‍സിറ്റി കൈപ്പള്ളില്‍ ശിവന്‍ (69), ജഗദമ്മ (63) എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഷിബുവും ഷീജയും വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേവീട്ടില്‍ കയറി ഷീജയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഷിബുവിനെ, ശിവന്‍ നിലവിളക്കുകൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കെയാണ് ഷിബു വീണ്ടുമെത്തി അക്രമം നടത്തുന്നതും കൊല്ലപ്പെടുന്നതും.

ഷിബുവുമായി പിരിഞ്ഞശേഷം ഷീജ അച്ഛനമ്മമാരുടെ ഒപ്പമാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ കോയമ്ബത്തൂരില്‍ ജോലി ചെയ്യുകയാണ്. ഷിബുവിന്റെയും ഷീജയുടെയും പ്ലസ്‌വണ്‍കാരനായ മകനും ഇതേ വീട്ടിലാണ് താമസിക്കുന്നത്.

കോട്ടയത്തുനിന്നുള്ള ഫൊറന്‍സിക് വിദഗ്ധര്‍ ചൊവ്വാഴ്ചയെത്തി ശാസ്ത്രീയപരിശോധന നടത്തും. സി.ഐ. എച്ച്‌.എല്‍.ഹണി, എസ്.ഐ. പി.ഡി.അനൂപ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ചൊവ്വാഴ്ച അടിമാലി കോടതിയില്‍ ഹാജരാക്കും.

രണ്ടാം അക്രമത്തില്‍ മരണം

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ഷിബു മമ്മട്ടിക്കാനത്തെ ഭാര്യയുടെ വീട്ടിലെത്തി ശിവനും ജഗദമ്മയുമായി വഴക്കുണ്ടാക്കിയത്. അപ്പോള്‍ ശിവനും ജഗദമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വഴക്ക് മുറുകിയതോടെ ഷിബു അരയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വാക്കത്തിയെടുത്ത് ശിവനും ജഗദമ്മയ്ക്ക് നേരേ വീശി.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ശിവന്‍ മുറിയിലുണ്ടായിരുന്ന ഇരുന്പുചുറ്റികകൊണ്ട് ഷിബുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഷിബു ഹാളില്‍വീണ് തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഇരുവരും അയല്‍വീട്ടിലെത്തി കാര്യം പറഞ്ഞു. അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഷിബുവിന്റെ മൃതദേഹം പോലീസ് രാജാക്കാട് ആശുപത്രിയിലെത്തിച്ച്‌ മരണം സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

2019 മാര്‍ച്ച്‌ 14-ന് രാവിലെ മൂന്ന് കൂട്ടാളികളുമായി കൊല്ലപ്പെട്ട ഷിബു ഇതേ വീട്ടിലെത്തിയിരുന്നു. പിന്‍വാതിലിലൂടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍, അന്ന് ഷീജയ്ക്കുനേരേ വാക്കത്തി വീശുകയും അവരുടെ കഴുത്തിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ഷീജയുടെ നിലവിളി കേട്ടെത്തിയ ശിവന്‍ മകളെ രക്ഷിക്കാനായി മുറിയിലുണ്ടായിരുന്ന നിലവിളക്കുകൊണ്ട് ഷിബുവിന്റെ തലയ്ക്കടിച്ചു. ഇതുകണ്ട് പേടിച്ച കൂട്ടാളികള്‍ പുറത്തേക്ക് ചിതറിയോടി. ഇവരെ നാട്ടുകാരാണ് പിടിച്ച്‌ പോലീസിലേല്‍പ്പിച്ചത്. സ്ഥലത്തെത്തിയ പോലീസാണ് ഷിബുവിനെ ആശുപത്രിയിലാക്കിയത്. ഷിബുവിന്റെ ആക്രമണത്തില്‍ ശിവനും ജഗദമ്മയ്ക്കും അന്ന് സാരമായി പരിക്കേറ്റിരുന്നു.

Read Previous

ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു

Read Next

സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി ഡോ എ സമ്പത്ത് ഇന്ന് ചുമതല ഏൽക്കും