യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ പട്ടാപ്പകൽ വിദ്യാർത്ഥിക്കു കുത്തേറ്റിട്ടും കോളജ് അധികൃതരുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. സംഘട്ടനമുണ്ടായി  മണിക്കൂറുകള്‍ കഴി‍ഞ്ഞിട്ടും പൊലീസിന് പ്രിൻസിപ്പൽ വിവരം കൈമാറിയില്ല. മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ എസ്എഫ്ഐ യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഇവര്‍ ഒളിവില്‍ പോവുകയും ചെയ്തിട്ടും കോളേജിന്‍റെ ഭാഗത്തു നിന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ തിങ്കളാഴ്ച നടപടി എടുക്കുമെന്നാണ് പ്രിൻസിപ്പലിൻറെ വിശദീകരണം.

കോളജിലെ വിദ്യാർത്ഥികള്‍ പൊലീസിന് നൽകിയ മൊഴിയനുസരിച്ച് വെള്ളിയാഴ്ച രാവിലെ 10.30- മണിയോടെയാണ്  സംഘർഷം തുടങ്ങുന്നത്. പ്രിൻസിപ്പലിന്‍റെ ഓഫീസിനു സമീപം വച്ചായിരുന്നു ഏറ്റമുട്ടൽ. അഖിലിനെ കുത്തിയ ശേഷം പ്രകോപിതരായ വിദ്യാർത്ഥികള്‍ എസ്എഫ്ഐക്കാർക്ക് നേരെ തിരിഞ്ഞു. സംഘർഷം കോളജിന് പുറത്തേക്ക് വ്യാപിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ക്യാംപസിനകത്ത് വന്ന പൊലീസ് കണ്ടത് ഷര്‍ട്ട് രക്തത്തില്‍ മുങ്ങിയ അഖിലിനെ. പിന്നീട് പൊലീസ് ആംബുലന്‍സിലാണ് അഖിലിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

ഇത്രയും രൂക്ഷമായ സംഘര്‍ഷം ക്യാംപസിന് അകത്തു നടന്നിട്ടും കോളേജ് പ്രിന്‍സിപ്പള്‍ പൊലീസിന് വിവരം കൈമാറിയില്ല. സമയം ഇനിയും വൈകിയിരുന്നെങ്കിൽ വിദ്യാർത്ഥിയുടെ നില അതീഗുരുതരമായേനെയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ക്യാംപസിനകത്തും പുറത്തുമായി സംഘര്‍ഷവും പ്രതിഷേധവും തുടരുമ്പോള്‍ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാതെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ക്യാംപസില്‍ നിന്നും പുറത്താക്കാനാണ് പ്രിന്‍സിപ്പളും മറ്റു ചില അധ്യാപകരും ശ്രമിച്ചത്.

നേരത്തെ കോളേജിൽ  ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി നിഖില യൂണിയൻ നേതാക്കൾക്കെതിരെ പരാതിപ്പെട്ടിട്ടും ഒരു നടപടിയും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ആത്മഹത്യാ ശ്രമത്തിന് ശേഷം കോളജിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യുജിസിക്ക് കന്‍റോണ്‍മെന്‍റ് സിഐ റിപ്പോർട്ട് നൽകിയിരുന്നു. കോളേജിൽ ആന്‍റി റാഗിംങ്ങ് സെൽ പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

11 RDads Place Your ads small

Avatar

News Editor

Read Previous

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കര്‍ഷകര്‍ മുന്‍കൈ എടുക്കണം; ജെ.വേണുഗോപാലന്‍ നായര്‍

Read Next

മരം വെട്ടുന്നതിനിടെ മരക്കൊമ്പ് തട്ടി നിലംപതിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

error: Content is protected !!