ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു

prince charles, london, corona

ലണ്ടൻ: ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു. കൊട്ടാരത്തിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് രാജ്ഞിയെ മാറ്റിയതെന്നാണ് ഇന്നലെ കൊട്ടാരം അറിയിച്ചതെങ്കിലും ഇന്ന് രാജകുമാരന് തന്നെ രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു. നിലവിൽ സ്കോട്ട്ലൻഡിലെ കൊട്ടാരത്തിനകത്ത് തന്നെ കർശനമായ ഐസൊലേഷനിലാണ് എഴുപത്തിയൊന്നുകാരനായ ചാൾസ് രാജകുമാരൻ കഴിയുന്നത്. എഴുപത്തി രണ്ടുവയസ്സുള്ള ഭാര്യ കാമില പാർക്കറും മകൻ വില്യമും കുടുംബവും അടക്കമുള്ളവരുമായി അകലം പാലിക്കുന്നു. രാജകുമാരന് കടുത്ത രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് കൊട്ടാരം അധികൃതർ അറിയിക്കുന്നത്. കർശനനിരീക്ഷണത്തിലാണെന്നും, അദ്ദേഹത്തെ പരിപാലിക്കാനായി ഒരു സംഘം വിദഗ്ധ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും കൊട്ടാരം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസമായി രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ചാൾസ് ഹോം ഐസൊലേഷനിൽ സ്വയം പ്രവേശിച്ചിരുന്നുവെന്നും, ഡച്ചസ് ഓഫ് കോൺവാൾ, അഥവാ ഭാര്യ കാമില പാർക്കർക്കും പരിശോധനകൾ നടത്തിയെങ്കിലും ഫലം നെഗറ്റീവാണെന്നും കൊട്ടാരം അറിയിച്ചു.
എവിടെ നിന്നാണ് ചാൾസിന് രോഗം പിടിപെട്ടത് എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. കൊട്ടാരത്തിൽ നിന്നാകാൻ സാധ്യതയില്ലെന്നും, കഴിഞ്ഞ കുറച്ച് ദിവസമായി ചാൾസ് പങ്കെടുത്ത ഏതെങ്കിലും പൊതു പരിപാടികളിൽ നിന്നാകാം രോഗം പകർന്നതെന്നും കൊട്ടാരം വ്യക്തമാക്കുന്നു.

Read Previous

പൈനാപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുക: ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യമന്തിക്കും കൃഷിമന്ത്രിക്കും കത്ത് നല്‍കി.

Read Next

ലോക്ക് ഡൌണ്‍ നിര്‍ദേശം മറികടന്ന് ആളുകള്‍; പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ

error: Content is protected !!