ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറാണ് ഹരി. ആലപ്പുഴ തകഴി സ്വദേശിയാണ്.

ഹരിയുടെ മരണം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ക്വാര്‍ട്ടേഴ്സിന് പുറത്തേക്ക് ഹരിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് ആദ്യം കെഎസ്ഇബി ഓഫീസിലും പിന്നീട് പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഹരി കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുകയാണ്.

ഹരിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് പ്രതിഭ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴ കുടുംബ കോടതി അടുത്തിടെയാണ് തീര്‍പ്പാക്കിയത്. പിന്നാലെ പ്രതിഭ ഹരി എന്ന പേര് യു ഹരി എന്നാക്കി എംഎല്‍എ മാറ്റിയിരുന്നു. സിപിഎം പ്രാദേശിക നേതാവായിരുന്ന ഹരി അക്കാലത്താണ് പ്രതിഭയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. 2001 ഫെബ്രുവരി നാലിന് വിവാഹിതരായ ഇവര്‍ക്ക് ഒരു മകനുണ്ട്. ഹരി വഴിയാണ് പ്രതിഭ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.