Home PoliticsElection കിടപ്പുരോഗികള്‍ക്കും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട്; തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിന് അംഗീകാരം
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

കിടപ്പുരോഗികള്‍ക്കും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട്; തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിന് അംഗീകാരം

by Rashtradeepam Desk

തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍. ഇതിനുള്ള ഓര്‍ഡിനന്‍സിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവും ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.

നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കിടപ്പുരോഗികള്‍ക്കും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിന് അവസരമുണ്ടാകും. ഇതിനായി പഞ്ചായത്ത് മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ഓര്‍ഡിനന്‍സ്.

തപാല്‍, പ്രോക്സി വോട്ടുകളുടെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോക്സി വോട്ടിനോട് സിപിഐഎമ്മിന് താത്പര്യമില്ല. പ്രോക്സി വോട്ട് ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായം.

യുഡിഎഫ് തപാല്‍ വോട്ടിനേയും എതിര്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് ഇക്കാര്യം അറിയിക്കും. തപാല്‍ വോട്ടുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ നിയമ നടപടികള്‍ക്കും യുഡിഎഫില്‍ ആലോചനയുണ്ട്.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. നിലവില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാക്കും. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും കൊവിഡ് സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും.

 

Related Posts

error: Content is protected !!