മുതലക്കുഞ്ഞുമായി വീട്ടിലെത്തി; അമ്മ വഴക്കു പറഞ്ഞു: മോദി

 

ന്യൂഡൽഹി:∙ പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ വീട് ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഹിമാലയത്തിലാണ് കഴിഞ്ഞതെന്നും മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി. അവതാരകൻ ബ്രയർ ഗ്രിൽസിനൊപ്പമുള്ള യാത്രയിലാണ് മോദി കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്തത്.

കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയെന്നും അമ്മ വഴക്കു പറഞ്ഞെന്നും നരേന്ദ്ര മോദി പറഞ്ഞു. മുതലക്കുഞ്ഞിന്റെ കഥ അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ബാലനായിരിക്കേ കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ തടാകത്തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ കാര്യം മോദി ഓർത്തെടുത്തത്. ചെയ്തത് ശരിയല്ലെന്നും തടാകത്തീരത്ത് തിരികെ കൊണ്ടുവിടാൻ അമ്മ ഉപദേശിച്ചപ്പോൾ അതു പോലെ അനുസരിച്ചുവെന്നും മോദി പറഞ്ഞു.

തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്‍റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു. എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല. നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും മോദി പറഞ്ഞു. മഴയും തണുപ്പും കൂസാതെ, കൊടുംകാട്ടിൽ നടന്നും നദിയിലൂടെ യാത്ര ചെയ്തും ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലായിരുന്നു യാത്ര. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുൾപ്പെടെയുള്ളവർ ഈ ഷോയിൽ അതിഥികളായെത്തിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതകളും മോദി പങ്കുവച്ചു.

Read Previous

ഗര്‍ഭിണിയായ ദലിത് യുവതിയെ അഞ്ചംഗ സംഘം ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി

Read Next

ദുരന്തത്തിന് വഴിവച്ചത് മഴയുടെ പ്രവചനാതീതമായ മാറ്റമെന്ന് വിദഗ്‍ധർ