‘ലൗ ജിഹാദില്ല’ ; സിറോ മലബാര്‍ സഭയെ തള്ളി ഓര്‍ത്തഡോക്‌സ് വിഭാഗം തൃശൂര്‍ ഭദ്രാസനാധിപന്‍

RASHTRADEEPAM,LOVE JIHAD,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കേരളത്തില്‍ ലൗ ജിഹാദില്ലെന്നും ഇതൊരു സാംസ്‌കാരിക പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നതിന് പിന്നിലെ താല്‍പര്യം പരിശോധിക്കണമെന്നും തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ നിലപാട് തള്ളിയാണ് സിപിഐ ദിനപത്രമായ ജനയുഗത്തില്‍ ‘മതിലുകള്‍ നിര്‍മിക്കുന്നിടം’ എന്ന ലേഖനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തൃശൂര്‍ ഭദ്രാസനാധിപന്‍ ലൗ ജിഹാദ് വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തതമാക്കിയത്.

ലൗ ജിഹാദ് സംബന്ധിച്ച ലേഖനത്തിലെ പരാമര്‍ശം ഇങ്ങനെ:-

2020 ജനുവരി 15 ലെ മാധ്യമങ്ങള്‍, കേരളത്തിലെ ഒരു ക്രൈസ്തവ സഭാവിഭാഗം കേരളത്തില്‍ ”ലൗ ജിഹാദ്” വ്യാപകമാണ് എന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം ആണ്‍കുട്ടികള്‍ പ്രേമഭാവത്തില്‍ സമീപിച്ച് വിവാഹം ചെയ്‌തോ അല്ലാതെയോ മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ ചേര്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. 2019 സെപ്തംബര്‍ 26 ന് ‘ആശങ്കാജനകം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അവസ്ഥയെക്കുറിച്ച് ഈ വിഭാഗത്തില്‍നിന്നും അറിയിപ്പുണ്ടായിരുന്നു. തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇതെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കത്തയക്കുകയുണ്ടായി. എന്നാല്‍ ”ലൗ ജിഹാദ്’ എന്നൊന്ന് ഇവിടെ ഇല്ല എന്ന് ”ഹാദിയ ലൗ ജിഹാദ്” കേസില്‍ സുപ്രീംകോടതി 2018 മാര്‍ച്ചില്‍ കേരളാ ഹൈക്കോടതി വിധിക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതവഗണിച്ചുകൊണ്ട് ഇപ്പോള്‍, ഭാരത സര്‍ക്കാര്‍ മുസ്ലീം സമുദായത്തെ ഈ രാജ്യത്ത് വേര്‍തിരിച്ച് മതില്‍കെട്ടാന്‍ ശ്രമിക്കുമ്പോള്‍, ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നതിന്റെ ലക്ഷ്യം സംശുദ്ധമാണോ എന്ന് ഞാന്‍ സംശയിക്കുന്നു. മത-സമുദായേതര വിവാഹങ്ങള്‍ എക്കാലത്തും ഇവിടെ നടന്നിട്ടുണ്ട്. സ്‌നേഹിക്കുന്നവരുടെ കണ്ണില്‍ പുരുഷനും സ്ത്രീയും എന്ന രണ്ട് വിഭാഗമേ ഉള്ളൂ എന്നും പ്രജനനത്തിനും സമൂഹ സൃഷ്ടിക്കുമുള്ള അവര്‍ തമ്മിലുള്ള ബന്ധം സ്വാഭാവികമാണ് എന്നും പരസ്പരം സ്‌നേഹിക്കുന്നവര്‍ കരുതിയാല്‍ അതില്‍ മറ്റൊരു നിറം നല്‌കേണ്ടതില്ല എന്നുമാണ് എന്റെ പക്ഷം. ഈ ധാരണയിലേക്ക് സംസ്‌കൃത സമൂഹം ഉയരേണ്ടതുണ്ട്. അതിനുപകരം ഇതൊരു സാംസ്‌ക്കാരിക പ്രശ്‌നമാക്കി തീര്‍ക്കുന്നതിന്റെ താല്പര്യം പ്രത്യേകം പരിശോധിക്കേണ്ടതാണ്; അതിലും പ്രത്യേകിച്ച് ഇതിനെ തീവ്രവാദ ലക്ഷ്യം ആരോപിച്ച് ഒരു രാഷ്ട്രീയ- രാഷ്ട്രസുരക്ഷിതത്വ വിഷയമാക്കി അവതരിപ്പിക്കുമ്പോള്‍.

സിറോ മലബാര്‍ സഭയുടെ ആരോപണം:-

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നാണ് സിറോ മലബാര്‍ സഭ സിനഡ് ചൂണ്ടിക്കാട്ടിയത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്നും പരാതികളില്‍ പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിനഡ് കുറ്റപ്പെടുത്തുന്നു. ലൗ ജിഹാദിനെതിരായി ബോധവത്കരണം നടത്തുമെന്നും സഭ അറിയിച്ചിരുന്നു.കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായാണ് സീറോ മലബാര്‍ സഭയുടെ വിലയിരുത്തല്‍. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട് പൊലീസിന്റെ കണക്കു പ്രകാരം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണെന്നും സിനഡ് വ്യക്തമാക്കുന്നു. പ്രണയം നടിച്ച് പെണ്‍കൂട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കുന്നുണ്ടെന്നു ഇത്തരം പരാതികളില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നുമാണ് സിനഡ് കുറ്റപ്പെടുത്തി. മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ഭൂരിഭാഗം പേരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും സീറോ മലബാര്‍ സിനഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം:-

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റിനെ അറിയിച്ചു. കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ കേന്ദ്രത്തിനു മുന്നില്‍ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്ര ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രണ്ട് മിശ്രവിവാഹങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നുണ്ടെന്നും നിത്യാനന്ദ റായ് പറഞ്ഞു.

ലൗ ജിഹാദ് എന്ന പദം ഇപ്പോള്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലൗ ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ രേഖാ മൂലം സാധിക്കില്ലെന്ന് അമിത് ഷായും പാര്‍ലമെന്റില്‍ വ്യക്തമാക്കി.

Read Previous

പ്രളയ ദുരിതാശ്വാസ നിധി വെട്ടിപ്പ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

Read Next

മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രം

error: Content is protected !!